പട്‌ന: ബിഹാറില്‍ മന്ത്രിസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആഭ്യന്തര വകുപ്പ് അടക്കം പതിനാല് മന്ത്രിസ്ഥാനങ്ങള്‍ ബിജെപിക്കാണ്. നേരത്തേ നിതീഷ് കുമാറായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ അത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയാണ് കൈകാര്യം ചെയ്യുക. ജെഡിയുവിന് ഒന്‍പത് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. 89 സീറ്റുകള്‍ നേടി മുന്നണിയില്‍ പ്രബല സ്ഥാനം നേടിയ ബിജെപിക്ക് നിതീഷ് കുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ വഴങ്ങുകയായിരുന്നു.
ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഖനന-ഭൂഗര്‍ഭ ശാസ്ത്ര വകുപ്പിന്റെയും ഭൂപരിഷ്‌കരണ-റവന്യൂ വകുപ്പിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. മംഗള്‍ പാണ്ഡെയ്ക്കാണ് ആരോഗ്യ, നിയമ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് ദിലീപ് ജയ്‌സ്വാളും റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം തുടങ്ങിയ വകുപ്പുകള്‍ നിതിന്‍ നബിനും കൈകാര്യം ചെയ്യും. രാംകൃപാല്‍ യാദവിനാണ് കൃഷി വകുപ്പ് നല്‍കിയിരിക്കുന്നത്. സഞ്ജയ് ടൈഗറായിരിക്കും തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്.



