ഗാസയിൽ നിന്ന് മോചിതരായ 17 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈറ്റ് ഹൗസിൽ സ്വീകരിച്ചു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവരുമായി ഇവർ ചർച്ച നടത്തി.

മുൻ ബന്ധിയായിരുന്ന മതൻ അംഗ്‌റെസ്റ്റിന് തടവറയിൽ വച്ച് കഠിനമായ മർദനം ഏൽക്കേണ്ടി വന്നതായി ട്രംപ് പറഞ്ഞു. “ഐഡിഎഫ് സേവനം കാരണം മതൻ കഠിനമായി മർദിക്കപ്പെട്ടു. എന്നിട്ടും മതൻ തളർന്നില്ല. ഇന്ന് അദ്ദേഹം ജൂത ജനതയുടെ ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷ്യമാണ്,” ട്രംപ് പറഞ്ഞു. മോചിതരായവർ യുഎസ് കോൺഗ്രസ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.

മോചിതരായവരിൽ ഉൾപ്പെട്ട ഇരട്ടകളായ ഗാലി, സിവ് ബെർമൻ എന്നിവർ ട്രംപിന് ഒരു മെസൂസ സമ്മാനിച്ചു. ജൂത മതവിശ്വാസ സംഹിതയായ തോറയിലെ വാക്യങ്ങൾ ആലേഖനം ചെയ്ത ഒരു കടലാസ് ചുരുളാണ് മെസുസ. ഇത്‌ ജൂത വിശ്വാസികളുടെ വീടുകളുടെ വാതിൽപടികളിൽ ഒട്ടിക്കുന്നു. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമിച്ച കിബ്ബൂട്ട്സ് കഫർ അസായിലെ തങ്ങളുടെ തകർന്ന വീട്ടിലെ വാതിലിൽ നിന്ന് എടുത്ത മെസൂസയാണ് അവർ സമ്മാനിച്ചത്. തങ്ങളെ മോചിപ്പിക്കാൻ ട്രംപിന്റെ ഭരണകൂടം നടത്തിയ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചാണ് ബെർമൻ കുടുംബം ‘സംരക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും’ ഈ ചിഹ്നം സമ്മാനിച്ചത്.