ധനസഹായം വെട്ടിക്കുറയ്ക്കുന്നത് ലോകമെമ്പാടും പട്ടിണി വർധിക്കുന്നതിന് കാരണമാകുമെന്ന് യുഎൻ ഭക്ഷ്യ ഏജൻസി (WFP) മുന്നറിയിപ്പ് നൽകുന്നു. അടുത്ത വർഷം 300 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് ഡബ്യൂഎഫ്പി, മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ 2026 ലെ ഗ്ലോബൽ ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ ആണ് സംഘടന ഈ കാര്യം അറിയിച്ചത്.

“ഗാസയിലും സുഡാന്റെ ചില ഭാഗങ്ങളിലും ഒരേസമയം ക്ഷാമം നേരിടുകയാണ്. 21-ാം നൂറ്റാണ്ടിൽ ഇത് പൂർണ്ണമായും അസ്വീകാര്യമാണ്. വിശപ്പ് കൂടുതൽ വേരൂന്നിയിരിക്കുകയാണ്. നേരത്തെ തന്നെ ഫലപ്രദമായ പരിഹാരങ്ങൾ ജീവൻ രക്ഷിക്കുമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്.” ഡബ്യൂഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ഭക്ഷ്യ അരക്ഷിതാവസ്ഥ ആശങ്കാജനകമായ തലങ്ങളിൽ തുടരുന്നതിനാൽ, 2026 ൽ ഏകദേശം 318 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരും” അദ്ദേഹം മുന്നറിയിപ്പായി പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ കീഴിൽ ഡബ്യൂഎഫ്പിയുടെ ഏറ്റവും വലിയ ദാതാവായ അമേരിക്ക അവരുടെ വിദേശ സഹായം വെട്ടിക്കുറച്ചിരുന്നു. മറ്റ് പ്രധാന രാജ്യങ്ങളും സഹായം വെട്ടിക്കുറച്ചിട്ടുണ്ട്.