തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സുപ്രധാന അറസ്റ്റാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ് മുൻ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത്.

സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസൻ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലൻസ് ട്രൈബ്യൂണൽ അംഗമായും വാസു പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോർഡിൽ പ്രവർത്തിച്ചു. തുടർന്ന് 2019-ൽ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമ്മിഷണറായിരുന്ന ഒരാൾ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തനായ ആളുകൂടിയായിരുന്നു എൻ. വാസു. ബോർഡിൽ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും എൻ. വാസു ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ കഴിയുന്ന ആളുമായിരുന്നു. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തിയ 2019 ല്‍ തന്നെയാണ് എന്‍.വാസുവിന് ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് ‘പ്രമോഷന്‍’ ലഭിക്കുന്നതും.

സ്വർണക്കൊള്ളക്കേസിൽ അഞ്ചാംപ്രതിയായ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും അറസ്റ്റിലായി റിമാൻഡിലാണ്. ഇവരുടെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്‌. മൂന്നാം പ്രതിയായ എൻ. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്ഐടി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.

സ്വർണം പൂശിയതിന്റെ ബാക്കി സ്വർണം ഉപയോഗിച്ച് നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് 2019 ഡിസംബർ ഒൻപതിന് ഇ-മെയിൽ അയച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് എം. പദ്മകുമാർ ആണെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാൽ, അങ്ങനെ ആയിരുന്നില്ല. അന്നത്തെ പ്രസിഡന്റ് എൻ. വാസുവായിരുന്നു. ഇത് വെളിപ്പെട്ടതോടെ മാധ്യമങ്ങൾ അദ്ദേഹത്തിൽ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. എന്നാൽ പാളികൾ അഴിച്ചുകൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കും ഇല്ലെന്നായിരുന്നു എൻ. വാസു പ്രതികരിച്ചത്. എന്നാൽ അത് തെറ്റാണെന്നും താനാണ് അന്നത്തെ പ്രസിഡന്റ് എന്നത് മനസ്സിലാക്കിയതും പിറ്റേന്ന് രേഖകളുമായി വാസു മാധ്യമങ്ങൾക്ക് മുമ്പിലെത്തി.

2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണൻ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വർണം ബാക്കിവന്നതിന് ദേവസ്വം ബോർഡിന് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് വാസു കൈകഴുകി. ആ പ്രയോഗമായിരുന്നു പിന്നീട് കേസിൽ വാസുവിന് കുരുക്കായത്.

അന്ന് എൻ. വാസു പറഞ്ഞത്; ‘സ്വർണക്കൊള്ളയിൽ ഒരു ബന്ധവുമില്ല. സ്വർണം മിച്ചമുണ്ടെന്നറിയിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിൽ ഉദ്യോഗസ്ഥർക്ക് കൈമാറുക മാത്രമാണ് ചെയ്തത്- എന്നായിരുന്നു വാസു കഴിഞ്ഞ മാസം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം സ്വർണം എടുത്ത് ദ്വാരപാലശില്പം ചെയ്യുന്നുവെന്നായിരുന്നു കരാർ എന്നും സ്വർണം പൂശിയ ശേഷം ബാക്കി വന്ന സ്വർണം അത് ഉണ്ണികൃഷ്ണൻ പോറ്റിയുടേതാണ്’- എന്നായിരുന്നു.

ശബരിമലയുടെ പേരിൽ പിരിവുനടത്തി ഉണ്ടാക്കിയ സ്വർണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ കൊണ്ടെത്തിച്ചത്.

രേഖകളുമായി വാസു എത്തിയപ്പോൾ, ഇവ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കിൽ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരിൽ സ്വന്തക്കാരായവരെക്കൊണ്ട് ഫയലിൽനിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തുകയായിരുന്നു.

എം. പദ്മകുമാർ പ്രസിഡന്റ് ആയിരുന്നപ്പോൾ എൻ. വാസു ദേവസ്വം കമ്മിഷണറായിരുന്നു. അക്കാലത്തും കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് എൻ. വാസുവായിരുന്നുവെന്നാണ് അഭ്യൂഹം. ദേവസ്വം കമ്മിഷണർ സ്ഥാനത്ത് നിന്നിറങ്ങി മാസങ്ങൾ തികയും മുമ്പേ അദ്ദേഹത്തെ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിരുത്തുകയും ചെയ്തു.