തിരുവനന്തപുരം: മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര്‍. ശ്രീലേഖയ്‌ക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. രണ്ട് ഡസന്‍ പോലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ പട്ടി ചത്താല്‍ കുഴിച്ചിടാന്‍ വരുമോയെന്നും സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു വി. ജോയിയുടെ വാക്കുകള്‍.

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെയായിരുന്നു ശ്രീലേഖയെ ലക്ഷ്യമിട്ടുള്ള ജോയിയുടെ പ്രസ്താവന. തിരുവനന്തപുരം നഗരം ബിജെപിയുടെ കൈകകളിലേക്ക് പോകാതിരിക്കാനുള്ള അതീവശ്രദ്ധയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

”രണ്ട് ഡസന്‍ പോലീസിന്റെ അകമ്പടിയോടുകൂടി ജീവിതത്തിന്റെ നല്ലൊരുഭാഗം മുഴുവന്‍ ജീവിച്ച ഒരാള്‍, ഒരു പട്ടി ചത്തുകിടന്നാല്‍ കുഴിച്ചിടാന്‍ വരുമോ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവന്റെ സുഖത്തിലും ദുഃഖത്തിലും അവനോടൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികള്‍. കഴിഞ്ഞകാലത്ത് മുന്‍പിലും പിറകിലും എസ്‌കോര്‍ട്ട് വാഹനങ്ങളും പൈലറ്റുമെല്ലാമായി പോയിട്ടുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ സേവിക്കാന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അത് കൃത്യമായി മനസിലാകും”, വി. ജോയ് പറഞ്ഞു.