ക്രൈസ്തവസാക്ഷ്യം വഹിക്കാൻ ഭയപ്പെടരുതെന്ന് യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. സ്ലോവാക്യയിൽ കോസീസിലെ കത്തീഡ്രലിൽ ഒത്തുകൂടിയ യുവജനങ്ങൾക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“നിങ്ങൾ സന്തോഷത്തിന്റെ സാക്ഷികളാകൂ. നിങ്ങളുടെ കുടുംബങ്ങളിലേക്കും സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും സമൂഹങ്ങളിലേക്കും ക്രിസ്തുവിന്റെ വെളിച്ചം കൊണ്ടുവരിക. അങ്ങനെ, സഭയുടെ യുവത്വമുഖം മധ്യയൂറോപ്പിന്റെ ഹൃദയഭാഗത്ത് പ്രകാശിച്ചുകൊണ്ടേയിരിക്കും” – പരിശുദ്ധ പിതാവ് പറഞ്ഞു.
അതേസമയം, കോസീസിലെ കത്തീഡ്രലിൽ സന്നിഹിതരായ യുവാക്കൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പാപ്പ പറഞ്ഞു. എന്നാൽ ഒരേ വിശ്വാസത്താൽ ഏകീകരിക്കപ്പെട്ട അവർ ക്രിസ്തുവുമായുള്ള സൗഹൃദം ഹൃദയങ്ങളിൽ നിറയ്ക്കുന്ന സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രകടമായ അടയാളമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
“നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നമ്മൾ ഒറ്റയ്ക്കല്ലെന്ന് നമുക്ക് അനുഭവിക്കാൻ കഴിയും. കാരണം, മക്കളെന്ന നിലയിൽ ദൈവം എപ്പോഴും നമ്മെ സ്നേഹിക്കുന്നു, നമ്മോട് ക്ഷമിക്കുന്നു, നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ധൈര്യത്തോടെ ഓർമ്മിക്കുക” – യുവജനങ്ങളോട് പാപ്പ പറഞ്ഞു.



