തിരുവനന്തപുരം: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള അന്തസ്സംസ്ഥാന ബസുകളുടെ യാത്രതന്നെ നിയമലംഘനമാണെന്നും നികുതിവെട്ടിപ്പുകൂടി അംഗീകരിക്കാന്‍ കഴിയില്ലെന്നും മോട്ടോര്‍വാഹനവകുപ്പ്. കൂട്ടത്തോടെ വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ റൂട്ട് ബസുകളെപ്പോലെ സമയവും റൂട്ടും നിരക്കും നിശ്ചയിച്ചാണ് ഓടുന്നത്.

ഓരോ യാത്രക്കാര്‍ക്കും പ്രത്യേകം ടിക്കറ്റ് നല്‍കുന്നുണ്ട്. ഇത് സ്റ്റേജ് കാരേജ് നിയമങ്ങളുടെ ലംഘനമാണ്. ബസുകളില്‍ വന്‍തോതില്‍ പാഴ്സലുകളും കടത്തുന്നുണ്ട്. നിയമപ്രകാരം യാത്രക്കാരുടെ ബാഗുകള്‍ മാത്രമാണ് അനുവദനീയം.

Add Mathrubhumi as a
trusted source on Google

ഇത്രയും ഗുരുതര നിയമലംഘനങ്ങള്‍ക്ക് പുറമേയാണ് സംസ്ഥാനത്തിനുള്ള നികുതിയും വെട്ടിക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ഹൈക്കോടതി അനുമതിനല്‍കിയിട്ടുണ്ട്.

എന്നാല്‍, ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ പരിശോധന ഒഴിവായാണ് ഇവ സംസ്ഥാനത്തേക്ക് കടക്കുന്നത്. ഇതേക്കുറിച്ച് പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് കഴിഞ്ഞദിവസം പരിശോധന നടന്നത്. പിടികൂടിയതില്‍ ഏറെയും നികുതിയില്ലാത്ത ബസുകളായിരുന്നു. 52 ലക്ഷം രൂപ പിഴചുമത്തി.