എത്യോപ്യയിലെ ഒറോമിയ മേഖലയിൽ സെന്റ് മേരീസ് കത്തോലിക്കാ പള്ളി പരിസരത്ത് നടന്ന ആക്രമണങ്ങളെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് ഓഫ് എത്യോപ്യ (സിബിസിഇ) അംഗങ്ങൾ ശക്തമായി അപലപിച്ചു. നവംബർ നാലിന് പുറത്തിറക്കിയ പ്രസ്താവനയിൽ, കൂടുതൽ അക്രമങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിബിസിഇ അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 25, 27 തീയതികളിലാണ് നിരവധിപ്പേരുടെ ജീവൻ അപഹരിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത ആക്രമണങ്ങൾ ഉണ്ടായത്.

“ഒക്ടോബറിൽ ഒറോമിയ മേഖലയിലെ വെസ്റ്റ് ഹരേർഗെയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ പരിസരത്ത് നടന്ന കൊലപാതകങ്ങളിലും സ്വത്തുക്കൾ നശിപ്പിച്ചതിലും എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” ബിഷപ്പുമാർ പറഞ്ഞു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ സഭയിലെ വിശ്വാസികൾക്കും ഒറോമിയയിലെ ആർസി സോണിലെ എത്യോപ്യൻ ഇസ്ലാമിക് അഫയേഴ്‌സ് സുപ്രീം കൗൺസിലിന് കീഴിലുള്ള കമ്മ്യൂണിറ്റികൾക്കും നേരെ സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

ഒക്ടോബറിൽ മാത്രം 25-ലധികം സാധാരണക്കാർ ഒറോമിയയിലെ ഈസ്റ്റ് ആർസി സോണിൽ കൊല്ലപ്പെട്ടതായി എ പി എ ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ക്രൈസ്തവരാണ്. അവർ വെടിയേറ്റോ മാരകമായി കുത്തേറ്റോ കൊല്ലപ്പെട്ടവരാണ്.