ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പിൽ നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ എം.താര (താര കൃഷ്ണൻ-51) യെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29 ന് തമ്പാനൂർ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് റിമാന്റിലായ താര, പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. പണം മടക്കി നൽകാതെ വന്നതോടെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതികളെത്തി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം ഫോർട് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ സി.ബിനുകുമാറിൻ്റെ നിർദേശപ്രകാരം തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാറും, എസ്.ഐ ബിനു മോഹനും നേതൃത്വം നൽകിയ പൊലീസ് സംഘമാണ് താരയെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ കെ.അരുൺ കുമാർ, സയന, ഗീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ താരയെ വീണ്ടും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. താരയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.



