കാടിന്റെ വന്യത അനുഭവിച്ചും കാട്ടുമൃഗങ്ങളുടെ കാഴ്ചകൾ തേടിയുമുള്ള സഞ്ചാരികളുടെ ആവേശയാത്രകൾക്ക് വിലക്ക്. കർണാടകത്തിലെ കടുവ സങ്കേതങ്ങളായ ബന്ദിപ്പൂരിലെയും നാഗർഹോളെയിലെയും സഫാരി യാത്രകൾ നിരോധിച്ച് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ ഉത്തരവിറക്കി.
അടിയന്തരമായി ഇരു കടുവ സങ്കേതങ്ങളിലെയും സഫാരിയും വന്യമൃഗങ്ങളുടെ ഭീഷണിയുള്ള ഭാഗങ്ങളിലെ ട്രെക്കിങ്ങും നിരോധിക്കാൻ വനം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കടുവ സങ്കേതത്തിലെ സഫാരി കാരണം വന്യമൃഗങ്ങൾ കാടിനു പുറത്തിറങ്ങുന്നത് വർധിക്കുന്നതായും ഇത് മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.



