ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറത്തതില്‍ ദുബായിലെ ഐസിസി ആസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി. ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത ഇടപെട്ടാണ് മൊഹ്സിന്‍ നഖ്‌വിയും ദേവ്ജിത് സൈക്കിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.

കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും മഞ്ഞുരുകിയെന്നും സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു.

ഐസിസി ഭാരവാഹി ഇടപെട്ടാണ് ചർച്ച നടത്തിയതെന്നും സൈക്കിയ സ്ഥിരീകരിച്ചു. തർക്കപരിഹാരത്തിനു ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ആയിരുന്നു ചർച്ച ഏഷ്യ കപ്പ് ഇന്ത്യ ജയിച്ചെങ്കിലും ട്രോഫി കൈമാറിയിരുന്നില്ല.