പത്താം ഫ്രാൻസ് മിഷൻ കോൺഗ്രസ് നവംബർ ഏഴ് മുതൽ ഒമ്പതുവരെ പാരീസിൽ നടക്കും. ഇതിൽ രാജ്യത്തുടനീളമുള്ള ഏകദേശം 15,000 കത്തോലിക്കർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിലെ സുവിശേഷവൽക്കരണ പുനരുജ്ജീവനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി.
2015 മുതൽ വർഷം തോറും സംഘടിപ്പിക്കപ്പെടുന്ന ഈ മിഷൻ കോൺഗ്രസ് വലിയ ജനപ്രീതി നേടിയ പരിപാടിയാണ്. അതുകൊണ്ട് തന്നെ വർഷങ്ങളായി അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ക്രിസ്ത്യൻ മിഷനറിമാർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കാനുമുള്ള ഒരു വേദി നൽകുന്ന ഈ പരിപാടി ‘സുവിശേഷവൽക്കരണത്തിന്റെ ലബോറട്ടറി’ ആയി പ്രവർത്തിക്കുന്നു. പ്രധാന സംഘാടകരിലൊരാളായ ആനി-ജെനീവീവ് മൊണ്ടാഗ്നെ പറയുന്നതനുസരിച്ച്, സഭാ സംവേദനങ്ങളുടെ വൈവിധ്യം എടുത്തുകാണിക്കുന്ന ഈ കോൺഗ്രസ്, സഭയുടെ മിഷനറിമാർക്കിടയിലെ ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മൂന്ന് ദിവസത്തെ പരിപാടിയിൽ പ്രാർഥന, ചർച്ചകൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ എന്നിവ ഉൾപ്പെടും. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾ തുടങ്ങി വിവിധ കത്തോലിക്കാ അസോസിയേഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. നവംബർ എട്ടിന്, പാരീസിലെ നോത്രെ ഡാം കത്തീഡ്രലിലേക്ക് യുവജന മാർച്ചുകൾ നടക്കും. നവംബർ ഒമ്പതിന് പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് കോൺഗ്രസിന്റെ സമാപന വിശുദ്ധ കുർബാനയ്ക്ക് അധ്യക്ഷത വഹിക്കും.



