നവംബർ നാലിന് റോമിലെ ഏറ്റവും പ്രതീകാത്മക സ്മാരക ഇടങ്ങളിലൊന്നായ പിയാസ ഡെൽ പോപ്പോളോ (പീപ്പിൾസ് സ്ക്വയർ), ഒരു വ്യത്യസ്ത പ്രചാരണത്തിന് വേദിയായി. ഒഴിഞ്ഞ വീൽചെയറുകൾ നിരത്തിയായിരുന്നു ദയാവധത്തിനെതിരെ പ്രതിഷേധിച്ചത്. ദയാവധം കുറ്റകൃത്യമല്ലാതാക്കുന്നതിനുള്ള ഇറ്റാലിയൻ സെനറ്റിൽ, നിലവിൽ പരിഗണനയിലുള്ള ഒരു ബില്ലിനെതിരെയുള്ള പ്രചാരണമായിരുന്നു അത്.
ദയാവധത്തിനെതിരെ ‘എന്നെ കൊല്ലരുത്’ എന്ന സന്ദേശവുമായി ഒരു ഫ്ലാഷ് മോബിന്റെ ഭാഗമായാണ് ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. നിരയായി ക്രമീകരിച്ചിരിക്കുന്ന ഇരുനൂറ് ഒഴിഞ്ഞ വീൽചെയറുകളിൽ റോസ് നിറമുള്ള ബലൂണുകൾ കെട്ടിയിരുന്നു. സംഘാടകരുടെ അഭിപ്രായത്തിൽ, 200 ഒഴിഞ്ഞ വീൽചെയറുകൾ രോഗികൾ, വികലാംഗർ, പ്രായമായവർ, ദുർബലർ എന്നിവരെ പ്രതിനിധീകരിക്കുന്നു.
ഇറ്റലിയിൽ ‘ഒരു മനുഷ്യന്റെ മരണത്തിന് അയാളുടെ സമ്മതത്തോടെ കാരണമാകുന്ന’ ആർക്കും ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 579 പ്രകാരം ആറ് മുതൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 2019-ൽ രാജ്യത്തെ ഭരണഘടനാ കോടതി ഈ നിയമനിർമ്മാണത്തിൽ ഭാഗികമായി മാറ്റം വരുത്തി. ‘ചികിത്സകളിലൂടെ ജീവൻ നിലനിർത്തുകയും മാറ്റാനാവാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു രോഗിയെ’ കൊല്ലുന്നതിന് ആരെയും ശിക്ഷിക്കില്ലെന്ന് വിധിച്ചു.



