മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചു. കെ കെ പാർക്കിലെ സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 28 രാജ്യങ്ങളിലെ 1500ൽ ഏറെ പേരാണു രക്ഷപ്പെട്ടത്. ഇതിൽ 500-ലേറെ ഇന്ത്യക്കാർ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അധികൃതരുടെ സഹായത്തോടെ തായ്ലൻഡിലെത്തിയ ഇവരെ ഏതാനും ദിവസം മുൻപാണ് ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറിയത്. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ സുരക്ഷിതമായി ഡൽഹിയിലെത്തിച്ചത്. ആദ്യ ഘട്ടത്തിൽ മടങ്ങിയെത്തിയവരിൽ 26 പേർ സ്ത്രീകളാണ്. രക്ഷപ്പെട്ടവരിൽ മലയാളികൾ ആരും ഇല്ലെന്നാണു വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. സുരക്ഷിതമായി നാട്ടിലെത്തിയതോടെ തട്ടിപ്പിൽ കുടുങ്ങിയവരുടെ ആശങ്കകൾക്ക് താത്കാലിക ആശ്വാസമായി.