യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ  വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. പ്രത്യേകിച്ച് വർഷങ്ങളായി ആഭ്യന്തര സംഘർഷവും ആക്രമണങ്ങളും മൂലം തകർന്ന മ്യാൻമറിലെ ജനങ്ങളെ മറക്കരുതെന്ന് പാപ്പ ആവശ്യപ്പെട്ടു. നവംബർ അഞ്ചിന് പൊതുസദസിന്റെ അവസാനത്തിലാണ് പാപ്പ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി എന്നോടൊപ്പം പ്രാർഥനയിൽ പങ്കുചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. പ്രത്യേകിച്ച്, മ്യാൻമറിലെ ജനതയെ മറക്കരുത്. അവർക്ക് ആവശ്യമായ മാനുഷിക സഹായം നൽകണം,” അന്താരാഷ്ട്ര സമൂഹത്തോട് പാപ്പ ആഹ്വാനം ചെയ്തു.

ലോകത്തിലെ വളരെ മോശമായ മാനുഷിക പ്രതിസന്ധികളിലൂടെയാണ് മ്യാന്മർ കടന്നുപോകുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഒരു അട്ടിമറിയിലൂടെ പുറത്താക്കിയ സൈന്യം അധികാരം പിടിച്ചെടുത്തു. ഇതേ തുടർന്നുണ്ടായ സംഘർഷം ഏകദേശം അഞ്ച് വർഷമായി തുടരുകയാണ്. ഈ ആഭ്യന്തര സംഘർഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും മൂന്ന് ദശലക്ഷം ആളുകളുടെ കുടിയിറക്കത്തിനും കാരണമായി.

വ്യോമാക്രമണങ്ങളും പോരാട്ടങ്ങളും മൂലം മുഴുവൻ ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. അതേസമയം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവ ലഭ്യമല്ല. മ്യാൻമറിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും മാനുഷിക സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.