വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക വസതിയിലാണ് ഇന്ത്യൻ താരങ്ങള്‍ പ്രധാനമാന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് കിരീടവുമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.
ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് വിജയത്തിനരികെ തോറ്റ് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു. അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.



