യുദ്ധം നടക്കുന്ന സുഡാനിലെ രണ്ട് പ്രധാന മേഖലകളിൽ ക്ഷാമം അതിരൂക്ഷമായതായി ആഗോള ഭക്ഷ്യദാരിദ്ര്യ നിരീക്ഷണ ഏജൻസിയായ ഐപിസി റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഡാർഫറിലെ പ്രധാന നഗരമായ എൽ-ഫാഷർ, തെക്കൻ കോർദോഫാൻ പ്രവിശ്യയിലെ കടുഗ്ലി ടൗൺ എന്നിവിടങ്ങളിലാണ് ക്ഷാമം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യനിർമ്മിതമായ ഈ ദുരന്തത്തിനു കാരണം സൈനികരും അർധസൈനിക വിഭാഗവും തമ്മിൽ രണ്ടുവർഷത്തിലേറെയായി തുടരുന്ന പോരാട്ടമാണ്.

കടുഗ്ലി, എൽ-ഫാഷർ എന്നിവിടങ്ങളിൽ പട്ടിണി മൂലം ആളുകൾ മരിക്കുന്നുണ്ടെന്നും ഇവിടെ പോഷകാഹാരക്കുറവ് വളരെ ഉയർന്ന നിലയിലാണെന്നും ഐപിസി പറയുന്നു. 18 മാസത്തോളമായി റഷ്യൻ സൈനികവിഭാഗമായ ആർഎസ്എഫ്, എൽ-ഫാഷർ നഗരം വളഞ്ഞുവച്ചിരിക്കുകയായിരുന്നു. യുദ്ധം മൂലം നാൽപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 14 ദശലക്ഷത്തിലധികം പേർക്ക് വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവരികയും ചെയ്തു.

അതേസമയം, എൽ-ഫാഷറിൽ നിന്നും രക്ഷപെട്ടെത്തിയ സ്ത്രീകളിലും കുട്ടികളിലും ഭീകരമായ പോഷകാഹാരക്കുറവ് കണ്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന സംഘടന അറിയിച്ചു. നിലവിൽ, ഡാർഫറിലും കോർദോഫാനിലുമായി 3.75 ലക്ഷം ആളുകൾ ക്ഷാമത്തിൽ അകപ്പെട്ടിട്ടുണ്ട്. കൂടുതൽ ജീവഹാനി തടയാൻ വെടിനിർത്തൽ അനിവാര്യമാണെന്നും ഐപിസി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.