വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളി വീഴ്ത്തിയ പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. വീഴ്ചയെത്തുടർന്ന് തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30ന് കേരള എക്സ്പ്രസിലാണ് സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു പെൺകുട്ടി.

മികച്ച ചികിത്സ ലഭ്യമല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി. പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ചേർന്ന് ചികിത്സ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.