ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് പുതിയ പഠനഫലങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, വീടിനുള്ളിലെ മലിനീകരണമാണ് സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാകുന്നത്. വിറക്, കൽക്കരി തുടങ്ങിയവ ഉപയോഗിച്ചുള്ള പാചകരീതികളാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ മലിനീകരണത്തിന് നിരന്തരമായി ഇരയാകുന്ന സ്ത്രീകളിൽ, 20 വർഷത്തിലേറെയായി ബയോമാസ് ഉപയോഗിക്കുന്ന വീടുകളിൽ താമസിക്കുന്നവർക്ക് ക്ഷയരോഗം (Tuberculosis) വരാനുള്ള സാധ്യത ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്ന് 2000 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഗർഭകാലത്ത് ബയോമാസ് ഇന്ധനങ്ങളുടെ പുക ഏൽക്കുന്നത് ചില അവസരങ്ങളിൽ പ്രസവിക്കുന്നതിനു മുൻപ് കുട്ടി മരിക്കാനുള്ള സാധ്യത 50% വർധിപ്പിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഗാർഹിക അന്തരീക്ഷത്തിൽ മാത്രമല്ല, പുറത്തും സ്ത്രീകൾ കൂടുതൽ മലിനീകരണത്തിന് ഇരയാകുന്നുണ്ട്. ലോകബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ജോലിസ്ഥലത്തേക്കു നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം (45% കടക്കുന്നു) പുരുഷന്മാരെക്കാൾ (27% കടക്കുന്നു) കൂടുതലാണ്. കൂടാതെ, പൊതുഗതാഗതത്തെയും കാൽനടയെയും ആശ്രയിക്കുന്ന സ്ത്രീകളാണ് കൂടുതലും. ഈ യാത്രകളിൽ 80 ശതമാനത്തിലധികം പേരും മോട്ടോർരഹിത ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ, പുറത്തുള്ള അന്തരീക്ഷ മലിനീകരണത്തിനും അവർ അധികമായി വിധേയരാകുന്നു.

കുട്ടികളെ സംബന്ധിച്ചിടത്തോളം, വായുമലിനീകരണം ശ്വാസകോശ സംബന്ധമായ ദീർഘകാല പ്രശ്നങ്ങളിലേക്കു നയിക്കുന്നു. 2024 ലെ ‘സ്റ്റേറ്റ് ഓഫ് എയർ’ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഓരോ ഒരുലക്ഷം കുട്ടികളിലും 23 മുതൽ 44 പേർ വരെ താഴ്ന്ന ശ്വാസകോശ അണുബാധകൾ (Lower Respiratory Infection) മൂലം മരണപ്പെടുന്നുണ്ട്.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ദീപാവലിക്കു ശേഷമുണ്ടായ കനത്ത മഞ്ഞുമൂടിയ പ്രഭാതവും വടക്കൻ മേഖലയിലെ ശീതകാലത്തെ സ്ഥിരം കാഴ്ചയായി മാറിയ പുകയും ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2024 ഡിസംബറിൽ ‘ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത്’ എന്ന പഠനത്തിൽ, 2009 മുതൽ 2019 വരെ പിഎം 2.5 (PM2.5) മലിനീകരണത്താൽ മാത്രം 17 ലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഗവേഷകർ പറയുന്നു.

രാജ്യത്തെ 140 കോടി ജനങ്ങളിൽ 110 കോടിയോളം പേരും (81.9%) കേന്ദ്രസർക്കാർ നിശ്ചയിച്ച വാർഷിക പിഎം 2.5 സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഈ വിഷയം ജീവന് ഭീഷണിയാണെന്നു തെളിയിക്കാൻ ആവശ്യമായ വിവരങ്ങൾ നിലവിലുണ്ടെങ്കിലും, ഒരു പൗരനെന്ന നിലയിലും ബന്ധപ്പെട്ട അധികാരികൾ എന്ന നിലയിലും എത്രനാൾ നമുക്ക് ഈ വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാകും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.