പ്രശസ്തമായ വൈക്കം മഹാദേവക്ഷേത്രത്തിലും സ്വർണക്കൊള്ള. വഴിപാടായി ലഭിച്ച 255 ഗ്രാം (ഏകദേശം 28 പവൻ) സ്വർണം കാണാതായതായി കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ദേവസ്വം ബോർഡ് പ്രതികരിച്ചില്ല.
2020-2021 വർഷത്തെ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് സ്വർണം കാണാതായത് കണ്ടെത്തിയത്. 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. രജിസ്റ്ററിലും പൊതിഞ്ഞു സൂക്ഷിച്ച സ്വർണത്തിന്റെ കണക്കുകളിലുമാണ് പൊരുത്തക്കേട്. വഴിപാട് ഇനങ്ങളിൽ ലഭിക്കുന്ന സ്വർണം തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം മുദ്രപ്പൊതി എന്നെഴുതി പൊതികളായാണു സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുക.
തിരുവാഭരണം രജിസ്റ്റർ പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ട്. എന്നാൽ പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെ ത്താൻ കഴിഞ്ഞുള്ളു.ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ അന്വേഷണം വേണമെന്ന് ക്ഷേത്ര വിശ്വാസികൾ ആവശ്യപ്പെട്ടുന്നു. അതേസമയം ഗൗരവ കണ്ടെത്തലുകളുള്ള ഓഡിറ്റ് റിപ്പോർട്ടിന്മേൽ ദേവസ്വം അധികൃതർ മൗനം തുടരുകയാണ്