അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ചിത്രം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ‘മദര്‍ മേരി കംസ് ടു മി’ ക്ക് എതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.അഭിഭാഷകനായ എ രാജസിംഹന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് തള്ളിയത്. പുസ്തകത്തിന്‍റെ കവര്‍ പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാനിർദേശം നല്‍കാത്തത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

അരുന്ധതി റോയി പുകവലിക്കുന്ന ചിത്രം, പുകവലിയെ മഹത്വവൽക്കരിക്കുന്നുവെന്നും, സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.  എന്നാല്‍ പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതെന്തിനെന്ന് വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. പുസ്തകത്തിന്‍റെ കവർ പേജിൽ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രത്തിൽ അപാകതയില്ലെന്നും  പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സും കോടതിയെ അറിയിച്ചിരുന്നു.

വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.