കൊച്ചി: അഭിഭാഷകനായി എൻറോൾചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന്‍. ഞായറാഴ്ച ഹൈക്കോടതിയിലായിരുന്നു എൻറോൾമെന്റ് ചടങ്ങ്. ജീവിതത്തിലെ സുപ്രധാനദിനമെന്നാണ് അഭിഭാഷകനായി എൻറോൾചെയ്ത ദിവസത്തെ ശബരീനാഥന്‍ വിശേഷിപ്പിച്ചത്. ഒരു പൊതുപ്രവര്‍ത്തകന് നിയമപരിജ്ഞാനമുണ്ടെങ്കില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ് ലോ അക്കാദമിയില്‍ എല്‍എല്‍ബി കോഴ്‌സിന് ചേര്‍ന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു ഇന്ന്. കേരള ഹൈക്കോടതിയില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ അഡ്വക്കേറ്റായി എൻറോൾ ചെയ്യപ്പെട്ടു. ഒരു പൊതുപ്രവര്‍ത്തകന് നിയമപരിജ്ഞാനമുണ്ടെങ്കില്‍ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന ബോധ്യത്തിലാണ് 2022-ല്‍ കേരള ലോ അക്കാദമിയില്‍ മൂന്നുവര്‍ഷ എല്‍എല്‍ബി കോഴ്‌സ് പഠനത്തിന് ചേര്‍ന്നത്. ആദ്യമൊക്കെ തിരക്കിനടയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ഈ കാര്യം പങ്കുവെച്ചത്. പഠിച്ചുവന്നപ്പോള്‍ തുടര്‍ന്ന് അത് ഒരു വാശിയായി. അങ്ങനെ എല്ലാവരുടെയും പിന്തുണയോടെ പരീക്ഷകളില്‍ വിജയം നേടി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍ട്രന്‍സ് പരീക്ഷ എഴുതി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ചേരുമ്പോഴും പിന്നീട് CAT എഴുതി ഡല്‍ഹിയില്‍ എംബിഎ പഠിക്കുമ്പോഴും പിന്നീട് ജോലി ചെയ്യുമ്പോഴുമൊക്കെ നിയമം പഠിക്കാന്‍ സാധിക്കാത്തതില്‍ എനിക്കുള്ളില്‍ ഒരു ചെറിയ നീറ്റല്‍ ഉണ്ടായിരുന്നു. അച്ഛനും രാഷ്ട്രീയ തിരക്കുകള്‍ കാരണം 1978-80 കാലഘട്ടത്തില്‍ അവസാന വര്‍ഷത്തിലെ ചില പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തതുകൊണ്ട് എൽഎൽബി പൂര്‍ത്തിയാക്കാത്തതില്‍ വിഷമമുണ്ടായിരുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തലയും ശ്രീ എം.എം. ഹസ്സനും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്ന് എന്റോള്‍ ചെയ്തതോടെ വ്യക്തിപരമായി സന്തോഷിക്കാന്‍ ഈ കാരണങ്ങളുണ്ട്.