യു.എസിലെ സൈന്യത്തിന്റെ സ്‌ഫോടകവസ്തു നിര്‍മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. 19 പേരെ കാണാതായെന്നാണ് വിവരം. എത്ര പേര്‍ മരിച്ചെന്ന കൃത്യമായ വിവരം നല്‍കാന്‍ ഹംഫ്രീസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസിന് കവിഞ്ഞിട്ടില്ല. 

നാഷ്വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്മാനിലെ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സ്‌ഫോടനങ്ങള്‍ തുടരുന്നതിനാല്‍ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നതായി രക്ഷാപ്രവര്‍ത്തകര്‍ എഎഫ്പിയോട് പറഞ്ഞു. 

വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു. നാഷ്വില്ലില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.