വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പിന് പിന്നാലെ എത്രയും പെട്ടെന്ന് അമേരിക്കയുമായി ചേർന്ന് ഇന്ത്യ ഒരു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദം തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായകരമാകുമെന്നും അവർ പറഞ്ഞു.
റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കുമേൽ യുഎസ് ശിക്ഷാപരമായ നികുതികൾ ചുമത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ വിള്ളൽ വീണത്.
റഷ്യൻ എണ്ണയുടെ കാര്യത്തിൽ ട്രംപിന്റെ നിലപാടിനെ ഇന്ത്യ ഗൗരവമായി കാണണം. ഒരു പരിഹാരം കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കണം. എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കിടയിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദം നിലവിലെ പ്രക്ഷുബ്ധതകളെ മറികടക്കാൻ ശക്തമായ ഒരു അടിത്തറ നൽകും. വ്യാപാര തർക്കങ്ങൾ, റഷ്യൻ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഊർജ്ജിതമായ ചർച്ചകൾ ആവശ്യമാണ്. നിക്കി ഹേലി എക്സിൽ കുറിച്ചു. ചൈനയെ നേരിടുക എന്ന പൊതു ലക്ഷ്യം ഇരുരാജ്യങ്ങളും മറക്കരുതെന്നും ഹേലി കുറിപ്പിൽ ഓർമ്മപ്പെടുത്തി.
ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയപടിയാക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നിക്കി അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തിങ്കളാഴ്ച ഇന്ത്യയിൽ എത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.