ഷിംല: ഹനുമാൻ ആണ് ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് വിദ്യാർഥികളോടായിരുന്നു ഠാക്കൂറിന്റെ പരാമർശം.

കുട്ടികളുമായുള്ള ഈ സംവാദത്തിന്റെ വീഡിയോ, പിന്നീട് ‘പവൻസുത് ഹനുമാൻ ജി… ആദ്യത്തെ ബഹിരാകാശ സഞ്ചാരി’ എന്ന അടിക്കുറിപ്പോടെ ഠാക്കൂർ എക്സിൽ പങ്കുവെച്ചു.

പരിപാടിയിൽ അനുരാഗ് ഠാക്കൂർ, ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു? എന്ന് കുട്ടികളോട് ചോദിച്ചു. കുട്ടികളുടെ പ്രതികരണം വീഡിയോയിൽ വ്യക്തമായി കേൾക്കാനാകുന്നില്ല. തുടർന്ന് അനുരാഗ് ഠാക്കൂർ ഇങ്ങനെ മറുപടി നൽകി, ‘ അത് ഹനുമാൻ ആണെന്ന് ഞാൻ കരുതുന്നു’.

‘നമ്മൾ ഇപ്പോഴും നമ്മളെ കാണുന്നത് വർത്തമാനകാലത്തിലാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെയും, വിജ്ഞാനത്തെയും, സംസ്കാരത്തെയും അറിയാത്തിടത്തോളം കാലം, ബ്രിട്ടീഷുകാർ നമ്മളെ കാണിച്ചുതന്ന അതേ അവസ്ഥയിൽ നമ്മൾ തുടരും. അതുകൊണ്ട്, പാഠപുസ്തകങ്ങൾക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യങ്ങളെയും അറിവിനെയും നോക്കിക്കാണാനും ഞാൻ പ്രിൻസിപ്പലിനോടും നിങ്ങളോടും അഭ്യർത്ഥിക്കുന്നു’ അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് മുൻ കേന്ദ്ര മന്ത്രി ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.