കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാരേക്കാള്‍ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ച്‌ ഇനി സിനിമയിലേക്ക്.

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌. അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ആകാംക്ഷയും വിസ്മയവും നിറയ്ക്കുന്ന ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് സൂചന.

കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്.