തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് സൂചന. രാജിയേക്കാൾ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഷനാണ് മുൻഗണന എന്നാണ് വിവരം. അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. ഉപതെരെഞ്ഞെടുപ്പ് ഭീതി തന്നെയാണ് രാജിക്ക് പ്രധാന തടസ്സം. പാലക്കാട് രണ്ട് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിച്ചെന്ന പ്രശ്നം തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാഹുലിന്‍റെ രാജിക്ക് വേണ്ടി കടുപ്പിച്ച നേതാക്കളും അയയുകയാണ് എന്നാണ് വിവരം. 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടുന്നത്. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.

ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. എത്രയും വേഗം രാജിവച്ചാൽ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായം മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. രാഹുൽ ഇനി ഒപ്പം വേണ്ടെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവ് പക്ഷേ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു.