കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

അടൂരിലെ വീട്ടില്‍ തുടരുന്ന രാഹുല്‍ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്‍റെ രാജിയില്‍ പാർട്ടിയില്‍ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
രാജിക്കു രാഹുൽ വിസമ്മതിച്ചാൽ പുറത്താക്കൽ അടക്കമുള്ള കടുത്ത അച്ചടക്കനടപടിയും പാർട്ടിയുടെ പരിഗണനയിൽ. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ് ‌മുൻഷിയും പ്രധാന നേതാക്കളുമായി ആശയവിനിമയം തുടങ്ങി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും നേതാക്കളുടെ അഭിപ്രായം തേടി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പു തൊട്ടുമുന്നിൽ നിൽക്കെ രാഹുലിനെ സംരക്ഷിക്കാനാവില്ലെന്നു കെ.സി.വേണുഗോപാലിനോടും വ്യക്തമാക്കി.

കടുത്ത നടപടി വേണമെന്നാണു പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെയും ആവശ്യം. നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍ തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന് ഒരു വിഭാഗം പറയുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു.