രാജ്യത്ത് ആകമാനമായി നിരവധി വൻ സിനിമകളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂലിയും വാര് 2വുമൊക്കെ അതില്‍പെടും. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. ഇവയൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളുമാണ്. വൻ കളക്ഷൻ നേടിയാല്‍ മാത്രമേ ഇവ സൂപ്പര്‍ ഹിറ്റുകളാണ് എന്ന് പറയാനാകൂ. എന്നാല്‍ 100 ശതമാനം വിജയം നേടിയ ഒരു കന്നഡ ചിത്രത്തെ ഓര്‍ക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും.
കെജിഎഫിന് ശേഷമാണ് കന്നഡ സിനിമകള്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതും വൻ കളക്ഷൻ നേടുകയും ചെയ്യുന്നത് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ അതിനു മുമ്പ് ഒരു കൊച്ചു ചിത്രം വമ്പൻ വിജയം നേടിയ കഥയാണ് വായനക്കാരുടെ ഓര്‍മയിലേക്ക് എത്തിക്കുന്നത്. മുങ്കാരു മളെയായാണ് ആ ചിത്രം. 2006ലാണ് മുങ്കാരു മളെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. 70 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. എന്നാല്‍ നേടിയതാകട്ടെ 75 കോടിയും. യോഗരാജ് ഭട്ടാണ് ചിത്രത്തിന്റെ സംവിധാനം.
ഗണേഷ്, പൂജ ഗാന്ധി, അനന്ത് നാഗ്, പത്മജ റാവു, ജയ് ജഗദീഷ്, സുധാ, ദിഗന്ത്, സഞ്ചിത ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകൻ യോഗരാജ് ഭട്ടിനൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുത്തില്‍ പ്രീതമും പങ്കാളിയായി. എസ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. മനോ മൂര്‍ത്തി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്.