ടെക് വ്യവസായം നിർമിതബുദ്ധി(എഐ) യെ സമീപിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് എഐയുടെതലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ. ടെക് കമ്പനികൾ മനുഷ്യരാശിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഫോർച്യൂണിന് നൽകിയ അഭിമുഖത്തിൽ ഹിന്റൺ പറഞ്ഞു. അവർ ഹ്രസ്വകാല ലാഭത്തിനായുള്ള മത്സരത്തിലാണ്. മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ സൂപ്പർ ഇന്റലിജന്റ് സിസ്റ്റങ്ങളെ അഴിച്ചുവിടുന്നതിന്റെ പ്രത്യാഘാതം അവഗണിക്കുകയാണെന്നും ഹിന്റൺ കുറ്റപ്പെടുത്തുന്നു.
സമ്മർദ്ദങ്ങളും ഓഹരി ഉടമകളുടെ താത്പര്യങ്ങളുമാണ് നിലവിൽ നിർമിതബുദ്ധിയുടെ മത്സരഗതി നിർണയിക്കുന്നത്. മറിച്ച്, ധാർമ്മികമായ ദീർഘവീക്ഷണമല്ല. കമ്പനികൾ അവരുടെ എതിരാളികളേക്കാൾ വേഗത്തിൽ ശക്തമായ മോഡലുകൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനുഷിക മൂല്യങ്ങളുമായി ശരിയായ രീതിയിൽ യോജിപ്പിക്കാതെ സൂപ്പർ ഇന്റലിജന്റ്, എഐ സിസ്റ്റങ്ങളെ വിന്യസിച്ചാൽ ഈ മത്സരം വിനാശകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യഥാർത്ഥ അപകടം തെറ്റായ വിവരങ്ങളോ തൊഴിലില്ലായ്മയോ മാത്രമല്ല. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം വളരാനുള്ള എഐയുടെ സാധ്യതയാണെന്നും ഹിന്റൺ പറയുന്നു. നമ്മൾ തയ്യാറെടുപ്പ് നടത്തിയിട്ടില്ല. തയ്യാറെടുക്കുന്നതിനായി ശ്രമിക്കുന്നതു പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോഡലുകൾ വികസിപ്പിക്കുന്നതിനും ഉപയോക്തൃ ഡാറ്റ പണമാക്കി മാറ്റുന്നതിനും കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണി വളരെ കുറച്ച് കമ്പനികൾ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ഈ വെല്ലുവിളിയെ ആണവ നിർവ്യാപനവുമായി താരതമ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തിൽ ആഗോള സഹകരണത്തിനായി ആഹ്വാനം ചെയ്തു.
ഉടമ്പടികളും മേൽനോട്ടവും ധാർമ്മിക മാനദണ്ഡങ്ങളും ആവശ്യമാണ്. എഐ രംഗത്തെ പുരോഗതിയുടെ വേഗം അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനോ മനസ്സിലാക്കാനോ ഉള്ള ശ്രമങ്ങളെ മറികടന്നു. ഗവേഷകരും റെഗുലേറ്റർമാരും ടെക് മേധാവികളും സുരക്ഷ, സുതാര്യത, ദീർഘകാല ചിന്ത എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.