ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു.