ഗാതാഗത വകുപ്പ് മന്ത്രിയായതിനു ശേഷം ഗണേഷ് കുമാറിനൊപ്പം യാത്രചെയ്തതിൻ്റെ ഓർമകൾ പങ്കുവെച്ച് നടൻ നന്ദു. മന്ത്രിയായതിനു ശേഷം ഇരുവരും ഒരുമിച്ച് സ്വന്തം കാറിൽ സീരിയൽ ഷൂട്ടിന് പോയപ്പോഴുണ്ടായ അനുഭവമാണ് നന്ദു ഓർത്തെടുത്തത്. കെഎസ്ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’നിരത്തിലിറക്കിയതിന്റെ ഭാഗമായി ആദ്യ യാത്രയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ, സംവിധായകൻ പ്രിയദർശൻ, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് നന്ദു ഇക്കാര്യങ്ങൾ പറഞ്ഞത്.
കരമന എത്താറായപ്പോൾ ഒരു കെഎസ്ആർടിസി ബസ് ഇടതുവശത്തുകൂടെ സാഹസികമായി ഓവർ ടേക്ക് ചെയ്തു കയറി. ഓടിച്ചിരുന്ന വണ്ടി ഒതുക്കി നിർത്തി ഗണേഷ് കുമാർ കാറിന്റെ ഗ്ലാസ് താഴ്ത്തി ചോദിച്ചു, എങ്ങോട്ടാ ഈ പോണത് എന്ന്, മന്ത്രിയെ ഒരിക്കലും അവിടെ പ്രതീക്ഷിക്കാത്ത ഡ്രൈവർ പേടിച്ചു പോയി’- നന്ദു പറഞ്ഞു. ഇയാളെ മൂന്ന് മാസത്തേക്ക് എടപ്പാളിലേക്ക് സ്ഥലം മാറ്റിയെന്നും പറയുന്നുണ്ട്.
അതിനിടെ കണ്ടക്ടർമാരുടെ ചില സ്വഭാവങ്ങൾ യാത്രക്കാരെ അസ്വസ്ഥരാക്കുന്നതിനെ പറ്റി മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ കണ്ടക്ടർമാർ നന്നായി പെരുമാറി തുടങ്ങിയിട്ടുണ്ടെന്നും അത് കെഎസ്ആർടിസിക്ക് ഗുണമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 18-ാം തിയതി 83 ലക്ഷമായിരുന്നു കെഎസ്ആർടിസിയുടെ നഷ്ടം. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18-ന് അത് 10 ലക്ഷം രൂപ മാത്രമായി കുറഞ്ഞുവെന്നും കളക്ഷൻ കൂടിയിട്ടുണ്ടോ എന്ന മണിയൻപിള്ള രാജുവിൻ്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകുന്നുണ്ട്. പല മാസങ്ങളിലും പല ദിവസങ്ങളിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.