ഇന്ത്യയ്ക്കുമേല്‍ 25% തീരുവയ്ക്ക് പുറമെ 25% കൂടിച്ചേര്‍ത്ത് 50 ശതമാനമാക്കിയത് റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ കൗശലമെന്ന് വൈറ്റ്ഹൗസ്. റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്ന ഇന്ത്യയ്ക്കുമേല്‍ കനത്ത തീരുവ ചുമത്തുന്നത് കൂടുതല്‍ സമ്മര്‍ദത്തിലാക്കുക പ്രസിഡന്റ് പുട്ടിനെ ആയിരിക്കുമെന്നും യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം വഴങ്ങുമെന്നും ട്രംപ് കണക്കൂകൂട്ടി. ചര്‍ച്ചകളിലേക്ക് വഴി തുറന്നത് ട്രംപിന്റെ ഈ നീക്കമാണെന്നും വൈറ്റ്ഹൗസ് വക്താവ് കാരലിന് ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപ് പുട്ടിനെ കണ്ടതിന് പിന്നാലെ 48 മണിക്കൂറിനകം യൂറോപ്യന്‍ നേതാക്കള്‍ വാഷിങ്ടണിലെത്തിയത് ലെവിറ്റ് ഓര്‍മിപ്പിച്ചു. പിന്നീട് യുക്രെയ്ന് നേതാവ് സെലെന്‍സ്കി ഉള്‍പ്പെടെയുള്ളവര്‍ ട്രംപുമായി കൂടിക്കാഴ്ചയും നടത്തി. ഇനി പുട്ടിന്-സെലെന്‍സ്കി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണ് ട്രംപ്. ആ യോഗത്തില്‍ മൂന്നാംകക്ഷിയായി ട്രംപും പങ്കെടുക്കും. ഭരണത്തിലിരുന്നത് ട്രംപ് തന്നെയായിരുന്നെങ്കില്‍ റഷ്യ-യുക്രെയ്ന് യുദ്ധം നടക്കില്ലായിരുന്നുവെന്നും ലെവിറ്റ് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ഇതിനിടെ ആവര്‍ത്തിച്ചു. റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മുന്‍പ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ ഒരു ശതമാനത്തിലും താഴെയായിരുന്നു റഷ്യയുടെ വിഹിതം. പിന്നീടത് 42 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപ് ഇന്ത്യയില്‍ നിന്നുള്ളത് ഉള്‍പ്പെടെ കൂടുതല്‍ ഉല്പന്നങ്ങള്ക്ക് കഴിഞ്ഞദിവസം 50% തീരുവ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.



