വാഷിങ്ടൺ: അലാസ്കയിൽ ഉച്ചകോടിയ്ക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന് വൻ സ്വീകരണം ഒരുക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റിനെ കയ്യടിച്ച് സ്വീകരിക്കുന്ന ട്രംപിന്റെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
മുൻപ് മറ്റൊരു ലോകനേതാവിനും നൽകാത്ത പ്രത്യേക പരിഗണനയാണ് പുതിന് ട്രംപിൽനിന്ന് ലഭിച്ചതെന്ന് പുറത്തെത്തുന്ന വീഡിയോകൾ വ്യക്തമാക്കുന്നു. അലാസ്ക വ്യോമതാവളത്തിലെത്തിയ പുതിന് നടന്നുനീങ്ങാൻ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികർ, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
എന്നാൽ യുക്രൈൻ ഈ പരവതാനി വിരിക്കലിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. യുക്രൈന്റെ റെസ്റ്റോറേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസി മുൻ മേധാവി മുസ്തഫാ നയീം സാമൂഹികമാധ്യമമായ എക്സിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ എന്ന അടിക്കുറിപ്പോടെയാണ് ആ ചിത്രം എക്സിൽ പങ്കുവെച്ചത്.
അമേരിക്കയിൽനിന്നും ഈ ദൃശ്യത്തിനെതിരേ വിമർശനം ഉയർന്നിട്ടുണ്ട്. ട്രംപിന്റെ പ്രിയസുഹൃത്തിനുവേണ്ടി ധീരന്മാരായ അമേരിക്കൻ സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൊമിന്റെ പ്രതികരണം. 2018-ന് ശേഷം ഇതാദ്യമായാണ് പുതിനും ട്രംപും നേരിട്ടുകാണുന്നത്. കയ്യടിയോടെ കാത്തുനിന്ന ട്രംപിന്റെ അരികിലേക്ക് പുതിൻ എത്തുന്നും ഹസ്തദാനത്തിന് മുൻപായി ഇരുനേതാക്കളും ഊഷ്മളമായ പുഞ്ചിരി കൈമാറുകയും ചെയ്യുന്നുണ്ട്.



