ബീഹാർ വോട്ടർപട്ടിക ക്രമക്കേടിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം ആളുകളെ ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഒഴിവാക്കാനുള്ള കാരണസഹിതം 65 ലക്ഷം പേരുടെയും പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒഴിവാക്കിയവരുടെ പട്ടിക ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആധാർ പൗരത്വരേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബിഹാറിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നൽകണം. ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറൽ ഓഫീസർമാരുടെ സമൂഹമാധ്യമ എക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കണം.
പരാതിയുള്ളവർക്ക് ആധാർ കാർഡിന്റെ പകർപ്പ് ചേർത്ത് പരാതി നൽകാം.കമ്മീഷൻ കൈക്കൊണ്ട നടപടികളുടെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കണം. പഞ്ചായത്ത് ഓഫീസുകളിൽ ബൂത്ത് ലെവൽ ഓഫീസർ ബൂത്ത് തിരിച്ചുള്ള പട്ടിക പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.



