തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഹമ്മ പഞ്ചായത്ത് മുട്ടുങ്കൽ വീട്ടിൽ തങ്കമ്മയുടെ(67) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തങ്കമ്മയുടെ മകൻ അഭിലാഷിനെ(46) മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.

വാക്കുതർക്കത്തിനിടെ മകൻ പിടിച്ചുതള്ളിയപ്പോൾ തലയിടിച്ച് വീണതിനെ തുടർന്നാണ് തങ്കമ്മയ്ക്ക് പരിക്കേറ്റതെന്ന് മുഹമ്മ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ അഞ്ചാം തീയതി രാത്രി 8.30 ഓടെയായിരുന്നു സംഭവം. അഭിലാഷ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. സംഭവദിവസം രാത്രി ഭാര്യയുമായും 16 വയസുള്ള മകനുമായും വഴക്കുണ്ടാക്കി. തുടർന്ന് മകനെ അഭിലാഷ് ഇരുമ്പ് പൈപ്പിന് തല്ലാൻ ശ്രമിക്കുന്നതിനിടെ തങ്കമ്മ തടഞ്ഞു. തുടർന്ന് അഭിലാഷ് തങ്കമ്മയെ പിടിച്ച് തള്ളുകയായിരുന്നു.

തങ്കമ്മ ഭിത്തിയിൽ തലയിടിച്ച് തറയിൽ വീണു. പിന്നീട് തങ്കമ്മയെ ഭർത്താവും മകനും ചേർന്ന് പുന്നപ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് വീട്ടിലെ തടുക്കിൽ ചവിട്ടി കാൽതെന്നി വീണാണ് അപകടം ഉണ്ടായതെന്നാണ് അഭിലാഷ് അറിയിച്ചിരുന്നത്. തങ്കമ്മ അപകടത്തെ തുടർന്ന് അബോധാവസ്ഥയിലുമായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് തങ്കമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആറാം തിയതി പുലർച്ചെ 2.30 ഓടെ തങ്കമ്മ മരണപ്പെടുകയായിരുന്നു. തുടർന്ന് അഭിലാഷ് പിതാവിനെ കൊണ്ട് തങ്കമ്മ വീട്ടിലെ തറയിൽ തെന്നിവീണ് തലക്ക് പരിക്കേറ്റാണ് മരണപ്പെട്ടതെന്ന് മുഹമ്മ പോലീസിനെ അറിയിച്ചു. ആദ്യം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്കമ്മയുടെ ബന്ധുക്കളേയും അയൽവാസികളേയും ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ മരണകാരണം സംബന്ധിച്ച മൊഴികളിൽ വൈരുദ്ധ്യം തോന്നി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ അന്വേഷണസംഘം നേരിൽകണ്ടു. വീട്ടുകാരേയും ബന്ധുക്കളേയും ഒറ്റക്കും ഒരുമിച്ചും വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ അഭിലാഷിന്റെ പങ്ക് വ്യക്തമായത്. അറസ്റ്റ് ചെയ്ത പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുഹമ്മ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്,എസ്.ഐ റിയാസ്,മനോജ് കൃഷ്ണൻ,സുനിൽ കുമാർ,എ.എസ്.ഐ ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.