ഇന്ത്യയിലും വിദേശത്തുമുള്ള സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഈ കേരളം. പ്രത്യേകിച്ച് ഇടുക്കി, ആലപ്പുഴ, അതിരപ്പിള്ളി, വയനാട് തുടങ്ങിയ സ്ഥലങ്ങൾ. ടൂറിസ്റ്റുകളായി കേരളത്തിൽ എത്തുന്ന ആളുകളോട് ഏറ്റവും സൗഹാർദപരമായാണ് ഭൂരിഭാഗം ആളുകളും പെരുമാറുന്നതും. അതിന്റെ ഏറ്റവും പുതിയ ഉദ്ദാഹരണമാണ് മസ് ഹർഷ എന്നയാൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. കേരളം സന്ദർശിക്കാൻ നോർത്ത് ഇന്ത്യൻ സംസ്ഥാനത്ത് നിന്നെത്തിയ ദമ്പതികളെയും അവരുടെ കെഎസ്ആർടിസി യാത്രയുമാണ് പോസ്റ്റിന്റെ പ്രമേയം.
ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്
കട്ടപ്പന ബസിൽ ഇരിക്കുകയാണ്. മുണ്ടക്കയത്ത് നിന്ന് ഒരു ഹിന്ദിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും ബസിൽ കയറി. ഞാൻ ഇരുന്നതിന് തൊട്ട് മുന്നിലുള്ള സീറ്റിൽ ഇരുന്നു. കാഴ്ചയിൽ ഒരു 40 വയസൊക്കെ തോന്നിക്കും. ബസ് മുണ്ടക്കയത്ത് നിന്നെടുത്ത് മലകയറ്റം തുടങ്ങി. ഞാൻ അങ്ങനെ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു. അന്തരീക്ഷം മഴക്കോള് കൊണ്ട് കറുത്തിരുണ്ടിരിക്കുന്നു. അകലെ മലനിരകളിൽ മഴമേഘങ്ങൾ വഴിയാറിയാതെ കുടുങ്ങി കിടക്കുന്നു. പെരുവന്താനം മുതൽ കാഴ്ചകളുടെ വിസ്മയമാണ്. അങ്ങുതാഴെ കുന്നുകൾ കാണാം. പൈനാപ്പിൾ തോട്ടങ്ങൾ ഏതോ നിഗൂഢ ചിത്രങ്ങൾ വരച്ചിട്ടു. ഞാനതിൽ ലയിച്ചിരുന്നു.
അപ്പോഴാണ് ഒരു ശബ്ദം കേട്ടത്. അത് എന്റെ മുന്നിലിരുന്ന ഹിന്ദിക്കാരന്റേതാണ്. അദ്ദേഹം ആദ്യമായി നമ്മുടെ നാടിന്റെ ഭംഗി അറിഞ്ഞതിന്റെ വിസ്മയത്തിലാണ്. തല ബസിന് പുറത്തേക്ക് നീട്ടി താഴെ കൊക്കയിലേക്ക് ചൂണ്ടി കൊച്ചുകുട്ടികളെ പോലെ ഭാര്യയോട് എന്തെല്ലാമോ വിളിച്ച് പറയുന്നുണ്ട്. അമ്മ വീട്ടിലേക്ക് വിരുന്നുപോകുന്ന കുഞ്ഞിനെ ഓർമിപ്പിക്കുന്ന പോലെയാണ് അദ്ദേഹത്തിന്റെ കൗതുകം. വണ്ടി ഓടുന്നുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ അദ്ഭുതം കൊണ്ട് വിടരുന്നത് ഞാൻ നോക്കിയിരുന്നു. ബസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിലേക്ക് അടുക്കുകയാണ്. ദൂരെ നിന്നും അത് കാണാം. അദ്ദേഹം സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്നു. ബസിലെ എല്ലാവരും നോക്കുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല. വീണ്ടും ഭാര്യയോടെ എന്തെല്ലാമോ പറയുന്നു.
വണ്ടി വെള്ളച്ചാട്ടത്തിനോട് അടുക്കുന്നതിന് കുറച്ച് മുന്നെ നിർത്തി. ആൾ ഇറങ്ങി കഴിഞ്ഞ ശേഷം കണ്ടക്ടർ ഡ്രൈവറോട് എന്തോ പറയുന്നത് കണ്ടു. മുന്നോട്ട് പോയ ബസ് വെള്ളച്ചാട്ടത്തിന് അടുത്തെത്തിയപ്പോൾ നിന്നു. കണ്ടക്ടർ ഹിന്ദിക്കാരനോട് അവിടെ ഇറങ്ങി കണ്ടോളാൻ മുറി ഹിന്ദിയിൽ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ചാടിയിറങ്ങി. വീഡിയോ എടുക്കലും സെൽഫിയെടുക്കലുമെല്ലാമായി രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു.
ബസിൽ തിരിച്ചെത്തിയ അയാൾ കണ്ടക്ടറോട് കൈകൂപ്പി നന്ദി അറിയിച്ചു. ഒരു ചിരിയായിരുന്നു മറുപടി. അദ്ദേഹത്തിന്റെ ഭാര്യയുടെ മുഖത്ത് നിന്നും നന്ദിയും നമ്മുടെ നാട്ടുക്കാരെ കുറിച്ചുള്ള അഭിമാനവും വായിച്ചെടുക്കാം. പിന്നെയും രണ്ടുവട്ടം അവർ കണ്ടക്ടറെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലേക്ക് ആദ്യമായി വന്നതല്ലേ നമുക്ക് കുറച്ച് താമസിച്ച് പോകാമല്ലേയെന്ന് ചോദിച്ചു. ഞാൻ ചിരിച്ച് ശരിയാണെന്ന് തലയാട്ടി. ബസിലുള്ള മറ്റ് യാത്രക്കാരുടെ മുഖത്തും അതേ ചിരി കാണാനായി. ആ പ്രവർത്തി എല്ലാവർക്കും സന്തോഷം നൽകിയതായി തോന്നി.
ഇത് മലയാളിക്ക് മാത്രം തോന്നുന്ന ഒരു കാര്യമായി എനിക്ക് തോന്നി. നമ്മൾ തന്നെയാണ് നമ്മുടെ അംബാസിഡർമാർ. ഈ നാട്ടിൽ വന്നയാളുകൾക്ക് നമ്മളെ കുറിച്ച് എപ്പോഴും നല്ലത് മാത്രമേ പറയാൻ കാണൂവെന്നാണ് അനുഭവം. ട്രാവൽ വ്ളോഗുകൾ കാണുമ്പോഴൊക്കെ വിദേശികളും സ്വദേശികളുമെല്ലാം നമ്മുടെ നാട്ടുകാരുടെ പെരുമാറ്റത്തെ കുറിച്ച് നൂറ് നാവിൽ പറയുന്നത് കേൾക്കാം. നാടിന്റെ ഭംഗി ഇവിടുത്തെ മനുഷ്യരുടെ പെരുമാറ്റത്തിലും കാണാമെന്ന് അവർ ഒറ്റകെട്ടായി പറയുന്നത് കാണാറുണ്ട്. ഇപ്പോൾ ബസ് ഏലപ്പാറ വഴി പോയ്ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിസ്മയം അവസാനിക്കുന്നില്ല.