ന്യൂയോർക്ക്: ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചു. ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും ശത്രുവായ’ ചൈനയെ വെറുതെ വിടാതെ, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി ട്രംപിന് മുന്നറിയിപ്പ് നൽകി.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത്. എന്നാൽ എതിരാളിയും റഷ്യൻ, ഇറാനിയൻ എണ്ണയുടെ ഒന്നാം നമ്പർ ഉപഭോക്താവുമായ ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് ഇളവ് ലഭിച്ചു. ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയെപ്പോലുള്ള ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുത്’ ഹേലി എക്സിൽ കുറിച്ചു.
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് എക്കാലവും ഹേലി സ്വീകരിച്ചിട്ടുള്ളത്. ഇൻഡോ-പസഫിക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി, അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ ചൈനയുടെ ആഗോള സ്വാധീനത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഹേലി വാദിക്കുന്നു.



