ക്രെംലിൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള തീരുവയുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് മേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരേ തീരുവ ചുമത്തിക്കൊണ്ട് നിരന്തരം ഭീഷണി തുടരുന്നതിനിടിയാണ് ട്രംപ് ഭരണകൂടത്തിനെതിരേ രൂക്ഷ വിമർശനവുമായി ക്രെംലിൻ രംഗത്തെത്തിയത്. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാൻ വേണ്ടി അമേരിക്ക രാജ്യങ്ങളെ നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായുള്ള നിരവധി പ്രസ്താവനകൾ കേൾക്കാനിടയായി. അത്തരം പ്രസ്താവനകൾ നിയമപരമെന്ന് തങ്ങൾ കരുതുന്നില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മോസ്കോ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റഷ്യയ്ക്കും അവരിൽനിന്ന് ഊർജ്ജ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കും പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയ്ക്കുമേലും തീരുവ വർധിപ്പിച്ചിരുന്നു.



