ഹമാസ് ബന്ദികളാക്കിയവർ പട്ടിണി മൂലം ഉടനടി മരണത്തിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്ന് ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. ബന്ദികളായ റോം ബ്രാസ്ലാവ്സ്കിയും എവ്യാതർ ഡേവിഡും വളരെ ക്ഷീണിതരായി കാണപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതിനു ദിവസങ്ങൾക്കു ശേഷമാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇസ്രായേലിലും മറ്റു രാജ്യങ്ങളിലും ഈ വീഡിയോകൾ ഞെട്ടലുണ്ടാക്കിയിരുന്നു.
ബന്ദികളിൽ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. ഡേവിഡിന്റെയും ബ്രാസ്ലാവ്സ്കിയുടെയും വീഡിയോകൾ, മോചിതരായ ബന്ദികളുടെ സാക്ഷ്യപത്രങ്ങൾ, കൊല്ലപ്പെട്ടവരുടെ പരിശോധനകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്ന് മെഡിക്കൽ – പൊതുജനാരോഗ്യ വിദഗ്ധർ ചേർന്നുള്ള ഈ റിപ്പോർട്ട്.
“ഗാസയിൽ ഇപ്പോഴും ജീവനോടെയുള്ള ബന്ദികൾ മന:പൂർവവും വ്യവസ്ഥാപിതവുമായ പട്ടിണി അനുഭവിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കഠിനമായ പട്ടിണിയുടെ ഈ അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ഉടനടി മരണത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു” – റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന് ബന്ധുക്കളെ പ്രതിനിധീകരിക്കുന്ന സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിലും വിവരിച്ചിട്ടുണ്ട്.



