രാജ്യതലസ്ഥാന നഗരിയിലെ അതീവ സുരക്ഷാ മേഖലയിൽ പ്രഭാത നടത്തത്തിനിറങ്ങിയ പാർലമെന്റ് അംഗത്തിന്റെ മലായും തട്ടിപ്പറിച്ച് മോഷ്ടാവ് കടന്നു. വിവിധ രാജ്യങ്ങളുടെ എംബസികളും, നയതന്ത്ര ഓഫീസുകളും, ഉന്നത സർക്കാർ കാര്യാലയങ്ങളും പ്രവർത്തിക്കുന്ന ചാണക്യപുരിയിൽ വെച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് അംഗം സുധ രാമകൃഷ്ണന്റെ സ്വർണമാല തട്ടിപ്പറിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. തിങ്കളാഴ്ച രാവിലെ 6.15നും 6.20നുമിടയിൽ ചാണക്യപുരിയിലെ പോളണ്ട് എംബസിയുടെ ഗേറ്റിന് പരിസരത്തുവെച്ചായിരുന്നു ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് എം.പിയുടെ സ്വർണമാലയും തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ഡി.എം.കെയുടെ എം.പിയായ രാജാത്തികൊപ്പം അതിരാവിലെ നടക്കാനിറങ്ങിയതായിരുന്നു സുധ രാമകൃഷ്ണൻ. എതിർദിശയിൽ നിന്നും എത്തിയ മോഷ്ടാവാണ് മാല പൊട്ടിച്ച് കടന്നു കളഞ്ഞതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നൽകിയ പരാതിയിൽ ഇവർ അറിയിച്ചു.
എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടർ തങ്ങൾക്കരികിലെത്തിയ ഉടൻ കഴുത്തിലെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പരാതിയിൽ ബോധിപ്പിച്ചു. മോഷണ ശ്രമത്തിനിടെ കഴുത്തിന് പരിക്കും പറ്റിയിട്ടുണ്ട്. ഉടൻ പരിഭ്രമിച്ച് ബഹളംവെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള മേഖലയിലും സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ, മറ്റെവിടെയാണ് സുരക്ഷിതമുള്ളതെന്നും പരാതിയിൽ ചോദിച്ചു. നാല് പവനോളം തൂക്കമുള്ള സ്വർണ മാലയാണ് നഷ്ടമായത്. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ആർ. സുധ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടര ലക്ഷത്തിലേറെ വോട്ടിനായിരുന്നു വിജയം.



