അവിശ്വസനീയമായ പ്രതിഫലത്തുകയുടെ പേരിൽ വാർത്തകളിൽ ഇടംനേടി 24-കാരനായ എ.ഐ വിദഗ്ധനെ മെറ്റയിലെത്തിക്കാൻ മാർക്ക് സക്കർബർഗിന്റെ നീക്കം. എഐ രംഗത്തെ മത്സരത്തിൽ മുന്നിലെത്താനുള്ള സക്കർബർഗിന്റെയും മെറ്റയുടെയും ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെല്ലാം നടക്കുന്നത്. മാറ്റ് ഡീറ്റ്കെ എന്ന യുവാവ് മെറ്റയുടെ 125 മില്യൺ ഡോളറിന്റെ (പതിനായിരം കോടിയിലധികം രൂപ) വാഗ്ദാനം നിരസിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധനേടുന്നത്. ഇതേത്തുടർന്ന് സക്കർബർഗ് അദ്ദേഹത്തെ നേരിൽ കാണാനെത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഓഹരികളും പണവുമായി ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 21,000 കോടിയിലധികം) വരെ വിലമതിക്കുന്ന പുതുക്കിയ നാല് വർഷത്തെ ശമ്പള പാക്കേജിൽ മെറ്റ കരാർ ഉറപ്പിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ 125 മില്യൺ ഡോളർ വാഗ്ദാനം ലഭിച്ചെങ്കിലും 24-കാരൻ കുലുങ്ങിയില്ല. താൻ പുതുതായി സ്ഥാപിച്ച വെർസെപ്റ്റ് എന്ന സ്റ്റാർട്ടപ്പുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം താൽപ്പര്യപ്പെട്ടത്. ഇതോടെ സക്കർബർഗ് വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി അദ്ദേഹത്തെ സമീപിച്ചു. തുടർന്ന് നടത്തിയ സംഭാഷണത്തിന് ശേഷമാണ് തുക ഇരട്ടിയായത്. .
എഐ രംഗത്ത് ഏറെ ഡിമാൻഡുള്ള ഒരു പ്രതിഭ തന്നെയാണ് ഡീറ്റ്കെ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ചിത്രങ്ങൾ, ശബ്ദങ്ങൾ, ടെക്സ്റ്റ് എന്നിവ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഒരു എഐ ചാറ്റ്ബോട്ടായ മോൾമോയുടെ (Molmo) വികസനത്തിന് അദ്ദേഹം മുമ്പ് നേതൃത്വം നൽകിയിരുന്നു. ഇത് മെറ്റ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു മൾട്ടിമോഡൽ സിസ്റ്റമാണ്. 3ഡി ഡാറ്റാസെറ്റുകളിലും എംബോഡീഡ് എഐയിലും ഉള്ള പ്രവർത്തനത്തിന് അദ്ദേഹത്തിന് 2022-ലെ ന്യൂറിപ്സിൽ (NeurIPS) ഔട്ട്സ്റ്റാൻഡിംഗ് പേപ്പർ അവാർഡ് ലഭിച്ചിരുന്നു. അസാധാരണ പ്രതിഭകൾക്കു മാത്രം ലഭിക്കുന്ന അംഗീകാരമാണത്. പിന്നീട് ഡീറ്റ്കെ വെർസെപ്റ്റ് എന്ന പേരിൽ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. ഇന്റർനെറ്റ് അധിഷ്ഠിത സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്വയം ജോലികൾ ചെയ്യാൻ കഴിയുന്ന എഐ ഏജന്റുകളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 10 ജീവനക്കാരുള്ള ഈ സ്റ്റാർട്ടപ്പ്, മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിഡ്റ്റ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 16.5 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. മെറ്റയുടെ ‘സൂപ്പർ ഇന്റലിജൻസ്’ ഗവേഷണ ടീമിനായി ഓപ്പൺ എഐ, ആന്ത്രോപിക്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് എഐ പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് 24-കാരനെയും അവർ വലവീശിപ്പിടിക്കാനൊരുങ്ങിയത്.
അതിവേഗം വികസിച്ചുവരുന്ന നിർമിതബുദ്ധിയുടെ ലോകത്ത് മാറ്റ് ഡീറ്റ്കെയെപ്പോലെ അസാമാന്യ കഴിവുള്ള പ്രതിഭകൾ ചുരുക്കമാണ്. വെറും 24 വയസ്സിൽ മെറ്റയുടെ എലൈറ്റ് എഐ ഡിവിഷനിൽ ചേരാനുള്ള 125 മില്യൺ ഡോളറിന്റെ വാഗ്ദാനം നിരസിച്ച് ഡീറ്റ്കെ എല്ലാവരെയും അമ്പരപ്പിക്കുകതന്നെ ചെയ്തു. എന്നാൽ അതിലും അവിശ്വസനീയമായ കാര്യങ്ങളാണ് പിന്നീട് നടന്നത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അദ്ദേഹത്തെ നേരിൽ കാണുകയും വാഗ്ദാനം ഇരട്ടിയാക്കുകയും ചെയ്തു. മികച്ച എഐ പ്രതിഭകളെ സ്വന്തമാക്കാൻ വൻകിട ടെക് കമ്പനികൾ ഏതറ്റംവരെ പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നീക്കങ്ങൾ.
വാഷിംഗ്ടൺ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയാണ് മാറ്റ് ഡീറ്റ്കെ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നത്. അക്കാദമിക് രംഗത്ത് മികച്ച ഭാവിയുണ്ടായിരുന്നിട്ടും നിർമിതബുദ്ധിയിൽ കൂടുതൽ പ്രായോഗികമായ പ്രവർത്തനങ്ങൾക്കായി അദ്ദേഹം അതെല്ലാം ഉപേക്ഷിച്ചു. സിയാറ്റിലിലെ അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഐ-യിൽ (AI2) ചേർന്ന ഡീറ്റ്കെ, അവിടെ പെട്ടെന്നുതന്നെ പ്രശസ്തനായി. തുടർന്ന് ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ എന്നിവയുടെ സംയോജനത്തിലൂടെ മനസ്സിലാക്കാനും ചിന്തിക്കാനും കഴിവുള്ള ചാറ്റ്ബോട്ടായ മോൾമോയുടെ വികസനത്തിന് ഡീറ്റ്കെ നേതൃത്വം നൽകി. പ്രശസ്തി വർധിച്ചതോടെയാണ് പ്രമുഖ ടെക് കമ്പനികൾ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്.