യുഎഇ: യുഎഇയിലെ പൊതു ഗതാഗത മേഖലയിൽ പുതിയ തുടക്കം കുറിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് 2026 ഓടെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായ ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചുള്ള യാത്രകൾ കൂടുതൽ വേഗമേറിയതും സുഗമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഈ പുതിയ പാസഞ്ചർ സർവീസ് യാഥാർഥ്യമാകുന്നതോടെ ദുബായിൽ നിന്നും അബുദാബിയിലേക്ക് വെറും ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. നേരത്തെ റോഡ് മാർഗം ഒന്നരമണിക്കൂറിനുള്ളിൽ എടുക്കുന്ന സമയമാണ് ഒരു മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക.
കൂടാതെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ വഴി റോഡ് യാത്രയ്ക്കെടുക്കുന്ന സമയം 30 മുതൽ 40 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ നാല് പ്രധാന സ്റ്റേഷനുകളിൽ നിന്ന് 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. പിന്നീട് കൂടുതൽ സ്റ്റേഷനുകൾ ഒരുക്കുകയും സർവീസ് നീട്ടുകയും ചെയ്യും.
ഓരോ ട്രെയിനിലും 400 ലധികം യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും. 2030 ഓടെ പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദ് റെയിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുക, റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന പ്രതിസന്ധിക്ക് ആശ്വാസമായാണ് യുഎഇയുടെ ഈ പദ്ധതി യാഥാർഥ്യമാകുന്നത്.
യാത്രക്കാരുടെ സൗകര്യത്തിന് പ്രത്യേക ശ്രദ്ധ നൽകിയാണ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നിങ്ങനെ മൂന്ന് തരം സീറ്റിംഗ് ഓപ്ഷനുകൾ ഉണ്ടാകും. ഓരോ കോച്ചിലും വൈഫൈ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാകും. കൂടാതെ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള സൗകര്യങ്ങളും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വേഗത്തിലുള്ളതും കാര്യക്ഷമവും സുരക്ഷിതവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം, യുഎഇയുടെ സാമ്പത്തിക, ടൂറിസം മേഖലകൾക്ക് ഇത് വലിയ നേട്ടം കൈവരിക്കാനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ ഉപയോഗം നിയന്ത്രിക്കാനും ഈ പദ്ധതി ഏറെ സഹായിക്കും.
2050 ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യമിട്ടുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് ഇത്തിഹാദ് റെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് യുഎഇയിലെ ജനങ്ങൾക്ക് മാത്രമല്ല സന്ദർശകർക്കും സൗഹൃദപരമായ ഒരു യാത്രാനുഭവം നൽകും. ആദ്യം നാല് പ്രധാന സ്റ്റേഷനുകൾ വഴി സർവീസ് ആരംഭിക്കുമെങ്കിലും ഭാവിയിൽ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി കമ്പനി സ്ഥിരീകരിച്ചു.
കൂടാതെ ഓരോ സ്റ്റേഷനിലും മെട്രോകളിലേക്കും ബസുകളിലേക്കും ടാക്സികളിലേക്കും തടസ്സമില്ലാത്ത ഗതാഗത കണക്ഷനുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഒരുക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു.