മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബിന്റെ മേധാവിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനായ ഷെങ്ജിയ ഷാവോയെ നിയമിച്ച് മാർക്ക് സക്കർബർഗ്. ഓപ്പൺ എഐ വിട്ട ഷാവോ 2025 ജൂണിലാണ് മെറ്റ സൂപ്പർ ഇന്റലജിൻസ് ലാബിലെ ചീഫ് സൈന്റിസ്റ്റായി ചുമതലയേറ്റത്. മെറ്റയുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാങിന് കീഴിൽ ലാബിന്റെ ഗവേഷണ ജോലികൾക്കും ശാസ്ത്രീയ നയരൂപീകരണങ്ങൾക്കും ഷാവോ നേതൃത്വം നൽകും.
ഓപ്പൺ എഐയിൽ ചാറ്റ് ജിപിടിയുടെ നിർമാണ ജോലികളിൽ പങ്കാളിയായ് വ്യക്തിയാണ് ഷെങ്ജിയ ഷാവോ. ത്രെഡ്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സക്കർബർഗ് ഷാവോയെ സൂപ്പർ ഇന്റലിജൻസ് മേധാവിയായി നിയമിച്ച വിവരം അറിയിച്ചത്.
സ്കെയിൽ എഐയുടെ സിഇഒ ആയിരുന്നയാളാണ് ഇപ്പോൾ മെറ്റയുടെ ചീഫ് എഐ ഓഫീസറായ അലക്സാണ്ടർ വാങ്. അദ്ദേഹവും 2025 ജൂണിലാണ് മെറ്റയിലെത്തിയത്. ഓപ്പൺ എഐയിൽ നിന്ന് ഷാവോ ഉൾപ്പടെ നിരവധി എഐ വിദഗ്ധർ മെറ്റയിലേക്ക് വന്നിട്ടുണ്ട്.