കുണ്ടറ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചിക അനുഭവിച്ച നരകയാതനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കുഞ്ഞ് ജനിച്ച ശേഷവും പീഡനം തുടര്‍ന്നു. കുഞ്ഞിനു പനി കൂടിയിട്ടു പോലും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നിതീഷും സഹോദരി നീതുവും സമ്മതിക്കാതെ ഇരുവരെയും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ വിപഞ്ചിക നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ നിതീഷ് കൈക്കലാക്കി.

കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന.

വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനം പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാല്‍ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോടു പറഞ്ഞിരുന്നു. ഇതിനിടെ നിതീഷ് വക്കീല്‍ നോട്ടിസും അയച്ചു. വക്കീല്‍ നോട്ടിസ് അയച്ചതിന്റെ നിരാശയിലാകാം വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണു പീഡന വിവരം പുറത്തായത്.

വക്കീല്‍ നോട്ടിസ് അയയ്ക്കുന്നതിന് 3 ദിവസം മുന്‍പ് നിതീഷ് വഴക്കിട്ട് ഫ്‌ലാറ്റ് മാറിപ്പോയി. 9ന് ഉച്ചയ്ക്ക് ജോലിക്കാരി ഫ്‌ലാറ്റില്‍ എത്തി വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ നിതീഷിനെ വിളിച്ചു. നിതീഷ് എത്തി കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നിതീഷ് എത്തി മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. അപ്പോഴേക്കും ആത്മഹത്യക്കുറിപ്പും ശബ്ദസന്ദേശവും നിതീഷിന്റെ സ്വഭാവവൈകൃതങ്ങള്‍ തെളിയിക്കുന്ന വിഡിയോകളും ഫോട്ടോകളും ലഭിച്ചിരുന്നതായി വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു.

വിപഞ്ചിക തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന ഫോട്ടോ കണ്ടു ബന്ധുക്കള്‍ ഷാര്‍ജയിലെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സഹോദരി നീതുവിനെക്കാള്‍ സൗന്ദര്യമുണ്ടെന്ന് ആരോപിച്ച് നിതീഷും നീതുവും ചേര്‍ന്ന് മുടി മുറിച്ച കഥ അറിയുന്നത്. നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോയും ബന്ധുക്കള്‍ക്ക് ലഭിച്ചതിലുണ്ട്.