ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്ന് ഒരു മാസം പിന്നിടുന്നു. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയുമേറെ. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനസ്വിച്ചുകൾ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിലേക്കുനയിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) വിശദ അന്വേഷണത്തിൽമാത്രമേ സംഭവിച്ചതിൽ വ്യക്തതവരൂ.

അപകടത്തിൽപ്പെട്ട എയർഇന്ത്യ ബോയിങ് 787-8 വിമാനം സാങ്കേതിക പരിശോധനകളിൽ സുരക്ഷിതമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. 2013-ലാണ് വിമാനം നിർമിച്ചത്. 2025 മേയിൽ എയർവർത്തിനെസ് റിവ്യു സർട്ടിഫിക്കറ്റ് (എആർസി) നേടിയ വിമാനത്തിന് അടുത്ത മേയ് വരെ സർട്ടിഫിക്കറ്റ് കാലാവധിയുണ്ടായിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് ഒരു എഞ്ചിനും മാർച്ച് 26ന് മറ്റൊരു എഞ്ചിനും മാറ്റി സ്ഥാപിച്ചിരുന്നു. എന്നിട്ടും വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കി. 

അപകടത്തിൽ തകർന്നുകിടന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങൾ അമേരിക്കൻ ഏജൻസിയുടെ സഹായത്തോടെയാണ് ഡീക്കോഡ് ചെയ്തതെന്ന് എഎഐബി പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തകരാറിലായ റെക്കോഡറുകളിൽനിന്ന് വിവരങ്ങളെടുക്കാൻ അമേരിക്കയുടെ എൻടിഎസ്ബി വിദഗ്ധ ഉപകരണങ്ങൾ ഇന്ത്യയിലെത്തിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 23-നാണ് ഈ ഉപകരണമെത്തിച്ചത്. വിമാനത്തിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന മുന്നിലെയും പിന്നിലെയും എൻഹാൻസ്ഡ് എയർബോൺ ഫ്ളൈറ്റ് റെക്കോഡറുകൾ (ഇഎഎഫ്ആർ) ജൂൺ 13-നും 16-നുമാണ് അപകടസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞനിലയിൽ കണ്ടെടുത്തത്. ഇവ ജൂൺ 24-ന് അഹമ്മദാബാദിൽനിന്ന് ഡൽഹിയിലെ എഎഐബി കേന്ദ്രത്തിലെത്തിച്ചു. അവിടെയാണ് യുഎസ് ഉപകരണമുപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയത്. വിമാന ഡേറ്റാ പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡൽഹിയിൽ എഎഐബി പുതിയ ലാബ് തുറന്നത്.

മാനുഷിക ഇടപെടലിലൂടെമാത്രമേ ഇന്ധനസ്വിച്ചുകളിൽ മാറ്റം വരുത്താനാകൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്പിഐ) പ്രസിഡന്റും എയർ ഇന്ത്യ മുൻ പൈലറ്റുമായ ക്യാപ്റ്റൻ സി.എസ്. രൺധാവ അഭിപ്രായപ്പെട്ടു. സുരക്ഷാകാരണങ്ങളാൽ ലോക്ക് സംവിധാനത്തോടെ വരുന്ന ഈ സ്വിച്ചുകൾ പ്രത്യേക രീതിയിൽ നീക്കിയേ റൺചെയ്യാനും മാറ്റാനുമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന സ്വിച്ച് ഓഫാക്കണമെങ്കിൽ രണ്ടാം പൈലറ്റുമായും സ്ഥിരീകരണം വാങ്ങാറുമുണ്ട്. എന്നാൽ, അഹമ്മദാബാദിൽ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും തമ്മിൽനടന്ന സംഭാഷണത്തിലെ വിവരങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ധനസ്വിച്ചുകളുടെ സ്ഥാനമാറ്റം സംഭവിച്ചതെങ്ങനെ എന്നതിനാണ് ഉത്തരംകിട്ടേണ്ടതെന്ന് ഡിജിസിഎയുടെ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അത് സാങ്കേതികത്തകരാറായിരുന്നോ, ബോധപൂർവമോ അല്ലാതെയോ ചെയ്തതാണോ, മറ്റെന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നതാണ് വ്യക്തമാകേണ്ടത്. സോഫ്റ്റ്വേറുകളിലെയുംമറ്റും തകരാറാണോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇന്ധനസ്വിച്ച് ഓഫായതുസംബന്ധിച്ച് റിപ്പോർട്ടിൽ വിശദാംശങ്ങളൊന്നുമില്ലെന്നും തുടരന്വേഷണം ആവശ്യമാണെന്നും മുതിർന്ന ബോയിങ് കമാൻഡർ പ്രതികരിച്ചു. ചിലപ്പോൾ അറിയാതെ സംഭവിച്ചതാകും. അക്കാര്യം വ്യക്തമാകേണ്ടതുണ്ട്. അപകടത്തിന്റെ യഥാർഥ കാരണങ്ങളിലേക്ക് വരുംമാസങ്ങളിൽ നടക്കുന്ന തുടരന്വേഷണം വെളിച്ചംവീശുമെന്ന് അധികൃതർ പറഞ്ഞു.

രണ്ട് എൻജിനും പ്രവർത്തനരഹിതമാകുന്നത് അപൂർവമാണെന്നും സാങ്കേതികകാരണങ്ങളാകാം ദുരന്തത്തിന് വഴിവെച്ചതെന്നും യുഎസിലെ വ്യോമയാനമേഖലാ വിദഗ്ധ മേരി ഷിയാവോ അഭിപ്രായപ്പെട്ടു. ത്രസ്റ്റ് കൺട്രോൾ മാൽഫങ്ഷൻ അക്കൊമഡേഷൻ (ടിസിഎംഎ), ഫുൾ അതോറിറ്റി ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്എഡിഇസി) സംവിധാനങ്ങൾ കംപ്യൂട്ടർ തകരാറുകാരണം പൈലറ്റിന്റെ ഇടപെടലില്ലാതെതന്നെ പ്രവർത്തിച്ചതാകാം. ബോയിങ് 787 വിമാനങ്ങളിൽ പൈലറ്റിന്റെ ഇടപെടലില്ലാതെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. 2025 തുടക്കത്തിൽ നൈജീരിയയിൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്കുപറന്ന വിമാനത്തിൽ പ്രശ്നമുണ്ടായത് പൈലറ്റിന്റെ ഇടപെടലില്ലാതെയാണ്. ആ സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂവെങ്കിലും സോഫ്റ്റ്വേർ പ്രശ്നമെന്നാണ് പറയപ്പെടുന്നത്. 2019-ൽ ഒരു ജപ്പാൻ വിമാനത്തിൽ ടിസിഎംഎ തകരാറുണ്ടായതായും അവർ ചൂണ്ടിക്കാട്ടി.

മാനുഷിക ഇടപെടലിലൂടെമാത്രമേ ഇന്ധനസ്വിച്ചുകളിൽ മാറ്റം വരുത്താനാകൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്പിഐ) പ്രസിഡന്റും എയർ ഇന്ത്യ മുൻ പൈലറ്റുമായ ക്യാപ്റ്റൻ സി.എസ്. രൺധാവ അഭിപ്രായപ്പെട്ടു.

സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോർട്ട് വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. റിപ്പോർട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയിൽ പഴിചാരാനാണ് ശ്രമമെന്നും എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസ്താവനയിറക്കി. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോർട്ടിന് കാത്തിരിക്കാമെന്നുമാണ് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിന്റെ പ്രതികരണം.

അന്തിമറിപ്പോർട്ട് വ്യത്യസ്തമായിരിക്കാം

ഭൂരിഭാഗം വിമാനാപകടങ്ങളുടേയും അന്തിമറിപ്പോർട്ട് പ്രാഥമിക റിപ്പോർട്ടിൽനിന്ന് വ്യത്യസ്തമായിരിക്കാമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) മുൻ ഡയറക്ടർ ജനറൽ ഗ്രൂപ്പ് ക്യാപ്റ്റൻ അരബിന്ദോ ഹണ്ട. ‘അവസാന 30 സെക്കൻഡിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വസ്തുതകൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇത് നിർണായകമല്ല. വിമാനം ഭൂരിഭാഗവും കത്തിനശിച്ചതിനാൽ അന്വേഷണം വളരെ ബുദ്ധിമുട്ടായിരിക്കും. അന്തിമറിപ്പോർട്ട് ലഭിക്കാൻ സമയമെടുക്കും.’- അദ്ദേഹം പറഞ്ഞു. 2020 -ലെ കരിപ്പൂർ വിമാനാപകടമുൾപ്പെടെ നൂറിലധികം വിമാനാപകട അന്വേഷണങ്ങൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.