മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്ക് സൗദി അറേബ്യയുടെ ശക്തമായ മുന്നറിയിപ്പ്. ഹജ്ജ് വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിട്ടില്ലെങ്കിൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കുമെന്നും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കേണ്ടതിന്റെയും സൗദിയിലെ നിയന്ത്രണങ്ങളെ മാനിക്കേണ്ടതിന്റെയും പ്രാധാന്യം കൂടെ മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു. അതിൽ നിശ്ചിത പുറപ്പെടൽ സമയം പാലിക്കുന്നത് ഹജ്ജ് നടപടിക്രമങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുകയും എല്ലാ തീർത്ഥാടകർക്കും തുടർച്ചയായ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചു. കൂടാതെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം സമയപരിധിക്കുള്ളിൽ രാജ്യം വിടേണ്ടത് തീർത്ഥാടകരുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.
കൂടാതെ നിയമലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴയും കർശനമായ തുടർ നടപടികളും സ്വീകരിക്കുമെന്നും തീർത്ഥാടകർ ഹജ്ജ് നിയമങ്ങൾ പാലിക്കണമെന്നും, വിസ ഹജ്ജ് ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്നും, അനധികൃത ഏജന്റുമാരുമായുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഹജ്ജ് വിസകൾ തീർത്ഥാടനത്തിന് മാത്രമുള്ളതാണ് ഇത് രാജ്യത്ത് താമസിക്കാനുള്ള അനുമതിയല്ലെന്നും മന്ത്രാലയം അടിവരയിട്ടു പറഞ്ഞു. കൂടാതെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നത് സൗദി നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം നിയമലംഘകരെ കണ്ടെത്തിയാൽ 50,000 സൗദി റിയാൽ വരെ പിഴയും ആറ് മാസം തടവും നേരിടേണ്ടി വന്നേക്കാം.