യുഎഇ: യുഎഇയിൽ വേനൽക്കാലം കടുത്തതോടെ വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി പോലീസും സംയുക്തമായി “സേഫ് സമ്മർ” ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു.
ഓരോ വേനൽക്കാലത്തും യുഎഇയിലെ ഉയർന്ന താപനില വാഹനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനാൽ കടുത്ത ചൂട് കാരണം കാറുകൾക്ക് തീപിടിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കുന്നു. 2024ൽ ആഭ്യന്തര മന്ത്രാലയവും ട്രാഫിക് വകുപ്പും പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, വാഹനങ്ങളിലെ തീപിടിത്തങ്ങളിൽ 43% ചൂടുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ വർഷം താപനില 52°C വരെ ഉയർന്നപ്പോൾ, അബുദാബിയിലും ദുബായിലുമായി 2,189 കാറുകൾക്കാണ് തീപിടിച്ചത്. ഈ കണക്കുകൾ യുഎഇയിലെ കഠിനമായ വേനൽക്കാല സാഹചര്യങ്ങളിൽ കാറുകളിലെ തീപിടിത്തം തടയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് “സേഫ് സമ്മർ” കാമ്പയിൻ ആരംഭിച്ചത്.
വാഹനങ്ങളിലെ തീപിടിത്തത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും മുൻകരുതൽ സുരക്ഷാ നടപടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് ചില നിർണായക നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.