യുഎഇ: അബുദാബിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ വരാൻ പോകുന്നു. ഇതിന്റെ പരീക്ഷണ യാത്ര വിജയകരമായി പൂർത്തിയാക്കി. ഇതോടെ സാങ്കേതികവിദ്യയുടെയും സ്മാർട്ട് ഗതാഗത സംവിധാനങ്ങളുടെയും രംഗത്ത് പുതിയൊരു ചുവടുവെയ്പ്പ് കൂടിയാണ് നടത്തിയിരിക്കുന്നത്. നഗര ഗതാഗതത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ഡ്രൈവറില്ലാ വാഹനം യുഎഇയുടെ ഭാവി നഗരങ്ങളെന്ന കാഴ്ചപ്പാടിന് വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

ഈ ഡ്രൈവറില്ലാ വാഹനങ്ങൾ ആധുനിക നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പ്രധാന പരിഹാരമായിട്ടാണ് യുഎഇ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ ഗതാഗത തിരക്ക് കുറയ്ക്കുക, സുരക്ഷ വർദ്ധിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ യാത്ര ഉറപ്പാക്കുക എന്നിവയാണ് ഈ വാഹനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. അബുദാബിയിലെ ഈ പുതിയ പരീക്ഷണ യാത്ര സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതിൽ യുഎഇ എത്രത്തോളം മുന്നിലാണെന്ന് വ്യക്തമാക്കുന്നു.

ഡ്രൈവറില്ലാ വാഹനങ്ങൾ സെൻസറുകൾ, ക്യാമറകൾ, റഡാറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ട് റോഡിലെ തടസ്സങ്ങളെയും സാഹചര്യങ്ങളെയും തിരിച്ചറിയുകയും ചെയ്യും. ഇത് മനുഷ്യന്റെ പിഴവുകൾ കാരണം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ ഏറെ സഹായകമാകുമെന്നാണ് വിവരം.

കൂടാതെ ഇത്തരം വാഹനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താനും ഒരേ വേഗതയിൽ, സുരക്ഷിതമായ അകലം പാലിച്ച് സഞ്ചരിക്കാനും സാധിക്കും. ഇത് റോഡിലെ തിരക്ക് കുറയ്ക്കാനും യാത്രാ സമയം ലാഭിക്കാനും സഹായകമാകും. പല ഡ്രൈവറില്ലാ വാഹനങ്ങളും ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. അതിനാൽ കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.