സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാനത്ത് അഞ്ചു പ്രവിശ്യകളിലായി 2025 ജനുവരി മുതൽ മെയ് വരെ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 46% വർദ്ധിച്ചുവെന്നു കുട്ടികൾക്കുവേണ്ടിയുള്ള യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 40,000-ത്തിലധികം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ തേടേണ്ടി വന്നതായും കുറിപ്പിൽ കൂട്ടിച്ചേർത്തു.

കടുത്ത ക്ഷാമം നേരിടുന്ന ഗ്രമങ്ങളിൽ ശിശുമരണ സാധ്യതയും വർധിച്ചുവരികയാണ്. കോളറ, അഞ്ചാം പനി, എന്നീ രോഗങ്ങളുടെ അതിപ്രസരം പ്രതിസന്ധികൾ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്ഷാമം നിലനിൽക്കുന്ന ഒരു രാജ്യത്ത്, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കുട്ടികൾ കൂടുതൽ ഗുരുതരമായ ഒരു ദുരന്തത്തിലേക്ക്  പോകുമെന്നുള്ള മുന്നറിയിപ്പും സംഘടന നൽകുന്നു.

എന്നാൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും സ്ഥിതികൾ ഏറെ സങ്കീർണ്ണമാണെന്നും സംഘടനയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. തുടരുന്ന സംഘർഷങ്ങളിൽ നിരവധിയാളുകളാണ് കൊല്ലപ്പെടുന്നത്. ക്യാമ്പുകളിൽ എത്തുവാൻ സാധിക്കാതെ പതിനായിരക്കണക്കിന് ആളുകളാണ് തുറസ്സായ പ്രദേശങ്ങളിൽ അന്തിയുറങ്ങുന്നത്.